‘സന്ധ്യാദേവിയുടെ സത്യസന്ധത’- ആറ്റിങ്ങലിൽ പാഴ് വസ്തുക്കൾക്കിടയിൽ കണ്ടെത്തിയ പണം ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ്മസേന തൊഴിലാളി

Attingal vartha_20260306_170333_0000

ആറ്റിങ്ങൽ: നഗരസഭയിലെ ഹരിതകർമ്മസേന തൊഴിലാളിയുടെ സത്യസന്ധത ശ്രദ്ധേയമായി. ആറ്റിങ്ങൽ നഗരസഭ 27-ാം വാർഡിലെ ഹരിതകർമ്മസേന തൊഴിലാളിയായ സന്ധ്യാദേവിയാണ് പാഴ് വസ്തുക്കൾക്കിടയിൽ നിന്നും കണ്ടെത്തിയ പണം ഉടമയ്ക്ക് തിരികെ നൽകിയത്.

കഴിഞ്ഞ ദിവസം രാവിലെ കുഴിമുക്ക് രാജ്ഭവനിൽ താമസിക്കുന്ന ഷഹാനയുടെ വീട്ടിൽ നിന്ന് ശേഖരിച്ച പാഴ് വസ്തുക്കളോടൊപ്പമാണ് നോട്ടുകെട്ട് ലഭിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളും പഴകിയ തുണികളും നിറച്ച ചാക്ക് സന്ധ്യാദേവി ശേഖരിച്ച് മിനി എം.സി.എഫ് കേന്ദ്രത്തിൽ എത്തിച്ച് മാലിന്യം തരംതിരിക്കുന്നതിനിടെ പഴയ തുണിക്കിടയിൽ നോട്ടുകെട്ട് ശ്രദ്ധയിൽപ്പെടുകയായിരുന്നു.

തുടർന്ന് വിവരമറിഞ്ഞെത്തിയ മേലുദ്യോഗസ്ഥർ നോട്ടുകൾ എണ്ണി പരിശോധിച്ചപ്പോൾ 500 രൂപയുടെ രണ്ട് നോട്ടുകളും 50 രൂപയുടെ 53 നോട്ടുകളും ഉൾപ്പെടെ ആകെ 3,650 രൂപയുണ്ടെന്ന് കണ്ടെത്തി.

ഷഹാനയുടെ മാതാവ് സക്കാത്ത് നൽകുന്നതിനായി അലമാരിയിലുണ്ടായിരുന്ന പഴയ തുണികൾക്കിടയിൽ പണം സൂക്ഷിച്ചിരുന്നതാണെന്ന് പിന്നീട് വ്യക്തമായി. എന്നാൽ പഴയ തുണികൾ ഒഴിവാക്കുന്നതിനായി ഹരിതകർമ്മസേനയ്ക്ക് ചാക്കുകളിലാക്കി നൽകുമ്പോൾ തുണിക്കിടയിൽ പണം ഉണ്ടായിരുന്നതായി വീട്ടുകാർ ശ്രദ്ധിച്ചിരുന്നില്ല.

ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഗൃഹനാഥയെ വിവരം അറിയിച്ചതോടെയാണ് പണം നഷ്ടമായ കാര്യം വീട്ടുകാർ മനസ്സിലാക്കിയത്. തുടർന്ന് നഗരസഭ ചെയർപേഴ്സൺ എം. പ്രദീപിന്റെയും സെക്രട്ടറി കെ. എസ്. അരുണിന്റെയും സാന്നിധ്യത്തിൽ പണം ഉടമയ്ക്ക് തിരികെ നൽകി.
ഹരിതകർമ്മസേന തൊഴിലാളിയായ സന്ധ്യാദേവിയുടെ സത്യസന്ധതയെ ഏവരും പ്രശംസിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!