
ആരോഗ്യ മേഖലയിൽ ഉണ്ടായിട്ടുള്ളത് വലിയ മാറ്റമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ പുതിയ ബഹുനില മന്ദിരം ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള എല്ലാ താലൂക്ക് ആശുപത്രികളും വികസിപ്പിച്ചു. സംസ്ഥാനത്ത് 750 കുടുംബാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ജനകീയാരോഗ്യ കേന്ദ്രം എന്ന ആശയം കൊണ്ടു വന്നത് നമ്മുടെ സർക്കാരാണ്.
സബ് സെൻ്ററുകൾ ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ആശുപത്രികളിൽ സ്പെഷ്യാലിറ്റി സേവനങ്ങൾ ഏർപ്പെടുത്തി. ജില്ലാ ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രക്രിയ വരെ ചെയ്യുന്നു. മെഡിക്കൽ കോളേജുകൾ മികവിൻ്റെ കേന്ദ്രങ്ങളായി മാറി. ചികിത്സ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിയിലൂടെ 70.72 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് പുതിയ ബഹുനില മന്ദിരം. എമർജൻസി ആൻ്റ് ട്രോമ കെയർ യൂണിറ്റ്, ആധുനിക ഡയാലിസിസ് യൂണിറ്റ്, ആധുനിക സൗകര്യങ്ങളുള്ള റേഡിയോ ഡയഗനോസിസ് വിഭാഗം, ആറ് മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ അടങ്ങിയ കോംപ്ലെക്സ്. മെഡിക്കൽ ഐസിയു, സർജിക്കൽ ഐസിയു, ഫാർമസി, ബ്ലഡ് ബാങ്ക് തുടങ്ങിയ സൗകര്യങ്ങൾ പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹാർദ്ദമായാണ് കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത്.
ചിറയിൻകീഴ് താലൂക്ക് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ വി.ശശി എം എൽ എ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ 10 വർഷക്കാലത്തിനിടയിൽ ആർദ്രം മിഷൻ പോലെയുള്ള മികച്ച പദ്ധതികൾ സർക്കാർ സമൂഹത്തിനായി സമർപ്പിപ്പിച്ചുവെന്ന് എം എൽ എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം ഷീല എസ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ബിന്ദു മോഹൻ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു എസ് തുടങ്ങിയവർ പങ്കെടുത്തു.


