
അടിസ്ഥാന സൗകര്യ വികസനത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മലയോര മേഖലയുടെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഭരതന്നൂർ ജംഗ്ഷനിൽ നടന്ന വാമനപുരം – ചിറ്റാർ റോഡ് നവീകരണത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി ഫണ്ടിൽ നിന്നും 35.75 കോടി രൂപ ചെലവഴിച്ച് അത്യാധുനിക രീതിയിലാണ് റോഡ് നവീകരിചിരിക്കുന്നത്
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ദേശീയപാത വികസനത്തിനായി ചരിത്രത്തിലാദ്യമായി 5580 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതും, മലയോര-തീരദേശ പാതകളുടെ നിർമ്മാണം അതിവേഗം പൂർത്തിയാക്കുന്നതും ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ 60% പൊതുമരാമത്ത് റോഡുകളും നിലവിൽ ബി.എം. ആന്റ് ബി.സി. നിലവാരത്തിലേക്ക് ഉയർത്തിക്കഴിഞ്ഞതായും, അഞ്ച് വർഷത്തിനുള്ളിൽ 100 പാലങ്ങൾ ലക്ഷ്യമിട്ട സ്ഥാനത്ത് ഇതിനകം 150 പാലങ്ങൾ പൂർത്തിയാക്കാൻ സാധിച്ചതായും മന്ത്രി വ്യക്തമാക്കി. കൂടാതെ, 150-ഓളം റെയിൽവേ മേൽപ്പാലങ്ങളുടെ പ്രവൃത്തികൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. പാലങ്ങൾക്കടിയിലെ സ്ഥലം പ്രയോജനപ്പെടുത്തുന്ന ‘ബി പാർക്ക്’ പദ്ധതിയും, റെസ്റ്റ് ഹൗസുകളിലെ ഓൺലൈൻ ബുക്കിംഗ് വഴിയുള്ള വരുമാന വർദ്ധനവും വകുപ്പിന്റെ വലിയ നേട്ടങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മലയോര മേഖലയുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന വാമനപുരം – ചിറ്റാർ റോഡ്, മണ്ഡലത്തിലെ വികസന കുതിപ്പിന് പുതിയ വേഗത പകരുമെന്ന് അധ്യക്ഷപ്രസംഗത്തിൽ ഡി.കെ. മുരളി എം.എൽ.എ പറഞ്ഞു. ചടങ്ങിൽ പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സിമി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി തുടങ്ങിയവർ പങ്കെടുത്തു.


