
കിളിമാനൂർ: കിളിമാനൂരിൽ ബൈക്ക് നിയന്ത്രണം തെറ്റി അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. പുല്ലയിൽ സ്വദേശികളും സഹോദരങ്ങളുമായ അഭി (23), അഭിഷേക് (20) എന്നിവരാണ് മരണപ്പെട്ടത്.
കിളിമാനൂർ നഗരൂർ റോഡിൽ എസ്.എൻ. ഓഡിറ്റോറിയത്തിന് സമീപം ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. കിളിമാനൂർ ഭാഗത്തേക്ക് ബുള്ളറ്റ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇവരുടെ വാഹനം നിയന്ത്രണം തെറ്റി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. തുടർന്ന് ബൈക്ക് സമീപത്തെ ഓടയിലേക്ക് പതിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിളിമാനൂർ പുല്ലയിൽ നന്ദനത്തിൽ നന്ദന്റെ മക്കളാണ് മരിച്ച അഭിയും അഭിഷേകും.


