കനത്ത ചൂട്: ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

Attingal vartha_20260324_151608_0000

ജില്ലയിൽ കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം ഒ. അറിയിച്ചു. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതൽ നൽകണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങി നിരവധി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. നിര്‍ജ്ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പുറത്തിറങ്ങേണ്ടിവരുന്ന സാഹചര്യത്തിൽ നിർബന്ധമായും പാദരക്ഷ, കുട എന്നിവ ഉപയോഗിക്കണം.

ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ തണലിൽ വിശ്രമിച്ച ശേഷം ധാരാളം വെള്ളം കുടിക്കണം കട്ടികൂടിയ വസ്ത്രങ്ങൾ മാറ്റുക, തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക, കാറ്റ് കൊള്ളുകയോ എ.സി.ഉപയോഗിക്കുകയോ ചെയ്യുക. അസ്വസ്ഥതകൾ മാറിയില്ലെങ്കിൽ ഉടൻതന്നെ ചികിത്സ തേടുക.

തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. വളരെ ഉയര്‍ന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചര്‍മ്മം, ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാല്‍ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഉടൻ തന്നെ ചികിത്സ തേടുക.

ചൂട് കുരു ഉണ്ടായാല്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കാനും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കാനും ശ്രദ്ധിയ്ക്കണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!