
വെള്ളനാട്: ജനവാസ കേന്ദ്രത്തിൽ കയറിയ മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ ഒളിവിലായിരുന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായ വെള്ളനാട് ശശി വനംവകുപ്പിന് മുന്നിൽ കീഴടങ്ങി. കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ശശി പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ ഹാജരായത്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ 28-നാണ് സംഭവം. വെള്ളനാട്ട് വാടകയ്ക്ക് താമസിച്ചിരുന്ന ഒരു കുടുംബത്തിന്റെ വീട്ടിൽ മുള്ളൻപന്നി കയറിയതിനെ തുടർന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ശശി, വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് ഇരുമ്പ് വടി ഉപയോഗിച്ച് മുള്ളൻപന്നിയെ തല്ലിക്കൊല്ലുകയായിരുന്നു.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ-ഒന്നിൽ ഉൾപ്പെടുന്ന ജീവിയായ മുള്ളൻപന്നിയെ കൊല്ലുന്നത് ഗുരുതര കുറ്റമായി കണക്കാക്കപ്പെടുന്നു. ഇതിന് ഏഴ് വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്.


