
വർക്കല : കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതിയെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂർ ഏണാറുവിള കോവൂർ സ്വദേശിയായ ആരോമൽ (ഹെൽമറ്റ് മനു) ആണ് പിടിയിലായത്.
സ്ത്രീകൾക്കെതിരായ അക്രമം, ലഹരിവസ്തുക്കൾ കൈവശം വച്ചത് തുടങ്ങിയ വിവിധ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പരവൂർ, പാരിപ്പള്ളി, വർക്കല എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
കുറച്ച് നാൾ മുമ്പ് വ്യക്തിവൈരാഗ്യത്തെ തുടർന്ന് വർക്കലയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്.
കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശനം വിലക്കിയിരുന്ന ഇയാൾ, ഉത്തരവ് ലംഘിച്ച് അയിരൂർ കോവൂർ പരിധിയിൽ എത്തുകയും പിന്നീട് ഒരു അടിപിടി കേസിൽ ഉൾപ്പെടുകയും ചെയ്തതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്.
കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു


