
അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പരിധിയിൽ രാത്രി 10 മണിക്ക് ശേഷം പതിവായി വൈദ്യുതി മുടക്കം സംഭവിക്കുന്നതായി പരാതി ഉയരുന്നു. വൈദ്യുതി പോയാൽ മണിക്കൂറുകൾക്കുശേഷമാണ് പുനഃസ്ഥാപനം നടക്കുന്നതെന്നും, തുടർന്ന് ഇടയ്ക്കിടെ വീണ്ടും മുടക്കം ഉണ്ടാകുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു.
കടുത്ത വേനൽക്കാലത്ത് ഇത്തരം വൈദ്യുതി മുടക്കങ്ങൾ ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രത്യേകിച്ച് ചെറുകുട്ടികളും വയോധികരും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു.
പരാതി അറിയിക്കാൻ കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നതും പ്രദേശവാസികളുടെ മറ്റൊരു ആരോപണമാണ്. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മനപ്പൂർവം സർക്കാരിനെതിരെ ജനവികാരം സൃഷ്ടിക്കപ്പെടുന്നുവെന്ന സംശയവും ചിലർ ഉന്നയിക്കുന്നു.
ഇതിനിടെ, പ്രശ്നത്തിൽ അടിയന്തര ഇടപെടൽ നടത്തി സ്ഥിരപരിഹാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര കെ.എസ്.ഇ.ബി ചീഫ് എൻജിനീയർക്കു നിവേദനം നൽകിയതായി അറിയിച്ചു.


