ഐ.ഡി.എ ഡി-സേഫ് പദ്ധതി: ആറ്റിങ്ങലിൽ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് തുടക്കം

Attingal vartha_20260330_105423_0000

ആറ്റിങ്ങൽ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) കേരള ഘടകത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന “IDA D-SAFE” ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെപ്പ് പദ്ധതി ആറ്റിങ്ങലിലും ആരംഭിച്ചു.

ഡെന്റൽ ക്ലിനിക്കുകളിൽ സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർക്കൊപ്പം അവിടെ പ്രവർത്തിക്കുന്ന നോൺ-ഡെന്റൽ ജീവനക്കാരെയും ഉൾപ്പെടുത്തി സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 29-ന് നടന്നു. ഐ.ഡി.എ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ കീഴിൽ കണിയാപുരം ഷിഫ ഹോസ്പിറ്റൽ, ചാത്തമ്പാറ കെ.ടി.സി.ടി ഹോസ്പിറ്റൽ, കിളിമാനൂർ സരള ഹോസ്പിറ്റൽ എന്നീ കേന്ദ്രങ്ങളിലായി ആദ്യഘട്ട കുത്തിവെപ്പ് ക്യാമ്പുകൾ സംഘടിപ്പിച്ചു.

സംസ്ഥാനത്തെ വിവിധ ഡെന്റൽ ക്ലിനിക്കുകളിൽ നിന്ന് ഏകദേശം 4000 പേർ ഇതിനോടകം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ഡെന്റൽ അസോസിയേഷൻ സംസ്ഥാനതലത്തിൽ ഇത്രയും വ്യാപകമായി സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത് ഇന്ത്യയിൽ ആദ്യമായാണെന്നത് ശ്രദ്ധേയമാണ്. ഈ നേട്ടത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടുന്നതിനുള്ള അപേക്ഷയും അധികൃതർ സമർപ്പിച്ചിട്ടുണ്ട്.

ഐ.ഡി.എ ആറ്റിങ്ങൽ ബ്രാഞ്ച് പ്രസിഡന്റ് ഡോ. രാഖി രാകേഷ്, സെക്രട്ടറി ഡോ. വാസുദേവൻ വിനയ്, ട്രഷറർ ഡോ. ധനുഷ് ഷാജി, ഡി-സേഫ് കൺവീനർ ഡോ. പ്രതീഷ് എ.പി, ഡോ. ഷമീം ഷുക്കൂർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സുരക്ഷിതവും വിശ്വാസയോഗ്യവുമായ ചികിത്സാ അന്തരീക്ഷം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി സംസ്ഥാനത്തുടനീളം വിപുലീകരിക്കുമെന്ന് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!