
കടയ്ക്കാവൂർ: കടയ്ക്കാവൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ രാത്രി സമയങ്ങളിൽ ആവർത്തിച്ച് വൈദ്യുതി മുടങ്ങുന്നതായി വ്യാപക പരാതി ഉയരുന്നു. കടയ്ക്കാവൂർ, ആനത്തലവട്ടം, കീഴാറ്റിങ്ങൽ, അഞ്ചുതെങ്ങ് പഞ്ചായത്തുകൾക്കൊപ്പം വക്കം, ചിറയിൻകീഴ് പഞ്ചായത്തുകളുടെ ചില ഭാഗങ്ങളിലും വൈദ്യുതി വിതരണം നിരന്തരം തടസ്സപ്പെടുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
പൊള്ളുന്ന ചൂടിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന വൈദ്യുതി മുടക്കം ജനജീവിതത്തെ കടുത്ത രീതിയിൽ ബാധിക്കുന്നതായി പരാതിയുണ്ട്. ഫാൻ പോലും പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ ഉറക്കക്കുറവ് അനുഭവപ്പെടുന്നുവെന്നും പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ പഠനവും ഉറക്കവും പ്രതികൂലമായി ബാധിക്കുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മുൻകൂട്ടി അറിയിച്ചുള്ള അറ്റകുറ്റപ്പണികളുടെ ഭാഗമായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിനു പുറമെ, അറിയിപ്പില്ലാത്ത തടസ്സങ്ങളാണ് കൂടുതൽ പ്രശ്നമാകുന്നതെന്ന് അവർ പറയുന്നു.
ഇതിനിടെ, വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കാൻ കടയ്ക്കാവൂർ കെഎസ്ഇബി സെക്ഷൻ ഓഫീസിലെയും ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഫോൺ നമ്പറുകളിൽ വിളിച്ചാൽ പ്രതികരണം ലഭിക്കാത്തതായും ആരോപണം ഉയരുന്നു. 24 മണിക്കൂറും ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കണമെന്ന കെഎസ്ഇബി ചെയർമാന്റെ നിർദ്ദേശം പ്രാവർത്തികമല്ലെന്നാണ് നാട്ടുകാരുടെ വിമർശനം.
ചില ഉദ്യോഗസ്ഥരുടെ അസൗകര്യകരമായ പെരുമാറ്റത്തെയും കുറിച്ച് ഉപഭോക്താക്കൾ ആരോപിക്കുന്നു. പരാതികൾ ഉന്നയിക്കുന്നവരോട് അപമാനകരമായ ഭാഷയിൽ സംസാരിക്കുന്നതായി ചിലർ പരാതിപ്പെട്ടിട്ടുണ്ട്.മാത്രമല്ല, തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിൽ ജനങ്ങളെ ഇരുട്ടിലാക്കുന്നതിനു പിന്നിൽ ഉദ്യോഗസ്ഥർക്ക് മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
സേവനത്തിലെ അപാകതകൾ പരിഹരിക്കാനും ഉത്തരവാദിത്വമുള്ള സമീപനം ഉറപ്പാക്കാനും ആവശ്യപ്പെട്ട് ഉയർന്ന ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട മന്ത്രിക്കും പരാതി നൽകാൻ നാട്ടുകാർ ഒരുങ്ങുകയാണ്.


