
കണിയാപുരം : അണ്ടൂർക്കോണം പഞ്ചായത്തിലെ കണിയാപുരം വാർഡിൽ ആലുംമൂട്ടിലെ ലക്ഷംവീട് കോളനിയിൽ സ്ഥിതിചെയ്യുന്ന “അൻസി മൻസിൽ” എന്ന വീട്ടിൽ ഇന്ന് പുലർച്ചെ നാലുമണിയോടെ തീപിടിത്തം ഉണ്ടായി. അബുവിന്റെ ഉടമസ്ഥതയിലുള്ള കോൺക്രീറ്റ്-ഷീറ്റ് നിർമാണത്തിലുള്ള വീടിലാണ് സംഭവം.
വീടിനുള്ളിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതോടെയാണ് സമീപവാസികൾ അപകടവിവരം അറിഞ്ഞത്. തുടർന്ന് ഉടൻ കഴക്കൂട്ടം അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയുണ്ടായി. രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി, സമീപവീടുകളിലേക്ക് തീ പടരുന്നത് തടഞ്ഞുകൊണ്ട് തീ നിയന്ത്രണവിധേയമാക്കി.
തീപിടിത്തത്തിൽ വീടിനുള്ളിലെ മുഴുവൻ ഗൃഹോപകരണങ്ങളും കത്തിനശിച്ചു. തീയുടെ ആഘാതത്തിൽ വീടിന്റെ ഭിത്തികൾക്കും ഗണ്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മീന–ഷാജഹാൻ ദമ്പതികൾ ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. സംഭവത്തിന് മുൻപ് രാത്രിയിൽ ഒരാൾ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും അതിനാൽ വീട്ടിൽ ഉണ്ടായിരുന്നവർ മാറി താമസിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. അതുകൊണ്ട് തന്നെ അപകട സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.


