
വർക്കല പാപനാശം ബലിമണ്ഡപത്തിന് സമീപമുള്ള കടൽത്തീരത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. കൊല്ലം അഞ്ചൽ തടിക്കാട് റൈസാ മൻസിലിൽ മസൂദാ(66)ണ് മരിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു.
ഇന്നലെ രാവിലെ നടക്കാനിറങ്ങിയവരാണ് കടൽത്തീരത്ത് കമിഴ്ന്ന നിലയിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. തുടർന്ന് വിവരം പോലീസ് കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. കാക്കിയുടുപ്പും അടിവസ്ത്രവും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് അധികം പഴക്കമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടിൽ നിന്ന് ഈ മാസം അഞ്ചാം തീയതി ഒന്നും അറിയിക്കാതെ പുറപ്പെട്ട മസൂദിനെ കാണാതായതായി ബന്ധുക്കൾ അഞ്ചൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ച കേസ് ഇന്നലെ രാവിലെ തന്നെ രജിസ്റ്റർ ചെയ്തിരുന്നു.
വർക്കല താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു


