
വെമ്പായം : കുടുംബാംഗങ്ങൾക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ വാട്ടർ തീം പാർക്കിലെത്തിയ പത്തു വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു.
വിതുര തേവിയോട് മാതളം നെൽസ ഭവനിൽ വി. നബീഷ്-ധന്യ ദമ്പതികളുടെ മകൻ എൻ. അകുൽ ശിവ ആണ് മരിച്ചത്. വിതുര ഗവ. യു.പി.എസ് നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അകുൽ.
ചൊവ്വാഴ്ച ഉച്ചയ്ക്ക് വെമ്പായത്തെ ഹാപ്പി ലാൻഡ് വാട്ടർ തീം പാർക്കിലായിരുന്നു അപകടം. അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം പാർക്കിലെത്തിയതായിരുന്നു അകുൽ. ഭക്ഷണം കഴിച്ച ശേഷം നീന്തൽ കുളത്തിൽ ഇറങ്ങിയ കുട്ടിയ്ക്ക് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് വെള്ളത്തിൽ ബോധം കെട്ട് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.ഉടൻ തന്നെ കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അകുലിന്റെ പിതാവ് നബീഷ് വിദേശത്താണ്. സഹോദരി: നിഷ കൃഷ്ണ


