ആറ്റിങ്ങലിൽ തേനീച്ച ആക്രമണം: നിരവധി പേർക്ക് കുത്തേറ്റു, രണ്ട് വളർത്തുനായ്ക്കൾ ചത്തു

Attingal vartha_20260412_200530_0000

​വലിയകുന്നിൽ ഭീതി പരത്തി തേനീച്ചക്കൂട്ടം

​ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിക്ക് സമീപം തേനീച്ചയുടെ ആക്രമണത്തിൽ രണ്ട് വളർത്തുനായ്ക്കൾ ചത്തു. ആറ്റിങ്ങൽ നഗരസഭ പരിധിയിലെ വലിയകുന്ന് താലൂക്ക് ആശുപത്രിക്ക് എതിർവശത്തുള്ള ശ്രീപാദം സ്‌പോർട്‌സ് കൗൺസിൽ കെട്ടിടത്തിൽ തമ്പടിച്ചിരിക്കുന്ന തേനീച്ചകളാണ് പ്രദേശത്ത് ഭീതി പരത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

​കെട്ടിടത്തിലെ നിരവധി കൂടുകളിൽ ഒന്നിൽ നിന്ന് ഇളകി വന്ന തേനീച്ചകൾ സമീപത്തെ ‘കാരുണ്യ’ എന്ന വീടിന്റെ കൂട്ടിൽ അടച്ചിട്ടിരുന്ന രണ്ട് നായ്ക്കളെ ആക്രമിച്ച് കൊന്നു. ഇതിനുപുറമെ പ്രദേശത്തെ നിരവധി ഓട്ടോറിക്ഷാ തൊഴിലാളികൾക്കും തേനീച്ചയുടെ കുത്തേറ്റു.

ആറ്റിങ്ങലിലെ ഏറ്റവും തിരക്കേറിയ കേന്ദ്രങ്ങളിലൊന്നായ താലൂക്ക് ആശുപത്രി പരിസരത്താണ് വർഷങ്ങളായി തേനീച്ചകൾ തമ്പടിച്ചിരിക്കുന്നത്. ദിവസേന ആയിരക്കണക്കിന് രോഗികളും കായിക പരിശീലനത്തിന് എത്തുന്ന നൂറുകണക്കിന് കുട്ടികളും നാട്ടുകാരും ഭീതിയിലാണ്. മുൻപും ഇവിടെ സമാനമായ രീതിയിൽ തേനീച്ച ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

സംഭവം നടന്നയുടൻ നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും വനം വകുപ്പിനെ ബന്ധപ്പെടാനായിരുന്നു നിർദ്ദേശം. എന്നാൽ, വനംവകുപ്പിനെ വിവരം അറിയിച്ചപ്പോൾ തങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

​”വർഷങ്ങളായി തുടരുന്ന ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ല. വളർത്തുമൃഗങ്ങൾക്കുണ്ടായ ദുർഗതി നാളെ മനുഷ്യർക്കും സംഭവിക്കാം. അടിയന്തരമായി ഈ കൂടുകൾ നീക്കം ചെയ്യാൻ നഗരസഭയും വനംവകുപ്പും ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!