
ആറ്റിങ്ങൽ : ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന വടശ്ശേരിക്കോണം പള്ളിമുക്ക്–പേഴ് വിളാകം റോഡ് ടാർ പാളി കുത്തിപ്പൊളിച്ച നിലയിൽ ഉപേക്ഷിച്ചതോടെ ഗതാഗതം സാരമായി ബാധിച്ചു. ഇതുവരെയും പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കുണ്ടും കുഴിയുമായിരുന്ന ഈ റോഡ് റീടാർ ചെയ്യുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പുതിയ ഭരണസമിതി അധികാരത്തിൽ എത്തിയിട്ടും നടപടികൾ ഉണ്ടായില്ല. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജെ.സി.ബി ഉപയോഗിച്ച് ടാർ പാളി പൊളിച്ചെങ്കിലും തുടർന്ന് പണി നിർത്തിയിരിക്കുകയാണ്.
റോഡിൽ മെറ്റിലും മണ്ണും കൂമ്പാരമായി കിടക്കുന്നതിനാൽ കാൽനടയാത്രയും ഇരുചക്രവാഹന ഗതാഗതവും ദുഷ്‌കരമായി. നാലുചക്ര വാഹനങ്ങൾക്കു പോലും സഞ്ചാരം ബുദ്ധിമുട്ടായതിനാൽ ഓട്ടോറിക്ഷകളും ഈ വഴിക്ക് വരുന്നത് നിർത്തിയിരിക്കുകയാണ്.
റോഡ് പുനർനിർമിച്ച് യാത്ര സൗകര്യം ഉറപ്പാക്കണമെന്ന് കോൺഗ്രസ് വടശ്ശേരിക്കോണം ബൂത്ത് കമ്മിറ്റി പ്രസിഡന്റ് എൻ. റിയാസ് ആവശ്യപ്പെട്ടു.


