വർക്കലയിൽ വീണ്ടും ‘ജോയ്’; കഹാർ രണ്ടാമതായി

Attingal vartha_20260505_152655_0000

​വർക്കല: കേരളം ഉറ്റുനോക്കിയ തീപാറുന്ന പോരാട്ടത്തിനൊടുവിൽ വർക്കല നിയമസഭാ മണ്ഡലത്തിൽ സി.പി.ഐ.എം സ്ഥാനാർത്ഥി അഡ്വ. വി. ജോയിക്ക് ഉജ്ജ്വല വിജയം. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് ഇറക്കിയ മുൻ എം.എൽ.എ വർക്കല കഹാറിനെ കടുത്ത പോരാട്ടത്തിൽ പരാജയപ്പെടുത്തിയാണ് വി. ജോയ് തന്റെ വിജയം ആവർത്തിച്ചത്.

​17 റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 2,050 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വി. ജോയ് വിജയിച്ചത്. മാത്രമല്ല തുടക്കം മുതൽ വി ജോയ് ലീഡ് നിലനിർത്തി. 2021-ലെ തിരഞ്ഞെടുപ്പിൽ ലഭിച്ച വൻ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞെങ്കിലും, മണ്ഡലം നിലനിർത്താൻ കഴിഞ്ഞത് ഇടതുപക്ഷത്തിന് വലിയ ആശ്വാസമായി.

വോട്ട് നില ചുരുക്കത്തിൽ:

​അഡ്വ. വി. ജോയ് (CPIM): 55,365

​വർക്കല കഹാർ (INC): 53,315

​അഡ്വ. സ്മിത സുന്ദരേശൻ (BJP): 27,400

കഹാർ ഇഫക്റ്റും ഭൂരിപക്ഷത്തിലെ കുറവും

​മണ്ഡലം തിരിച്ചുപിടിക്കാൻ ഉറച്ചായിരുന്നു യു.ഡി.എഫ് ഇത്തവണ മുൻ എം.എൽ.എ വർക്കല കഹാറിനെ കളത്തിലിറക്കിയത്. 2021-ൽ 17,821 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച വി. ജോയിയുടെ ലീഡ് ഇത്തവണ 2,050-ലേക്ക് താഴ്ത്താൻ കഹാറിന്റെ സാന്നിധ്യം സഹായിച്ചു. 2021-ൽ ബി.ആർ.എം ഷഫീറിലൂടെ യു.ഡി.എഫ് നേടിയ 50,995 വോട്ടുകൾ ഇത്തവണ 53,315 ആയി ഉയർത്താൻ കഹാറിന് സാധിച്ചെങ്കിലും വിജയതീരത്ത് എത്താനായില്ല.

2021 vs 2026: ഒരു താരതമ്യം

​2021-ലെ തിരഞ്ഞെടുപ്പിൽ വി. ജോയ് 50.89% വോട്ടുകൾ (68,816 വോട്ടുകൾ) നേടി ആധിപത്യം ഉറപ്പിച്ചിരുന്നു. എന്നാൽ ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ. സ്മിത സുന്ദരേശൻ 27,400 വോട്ടുകൾ പിടിച്ചെടുത്തത് മത്സരത്തെ ത്രികോണ സ്വഭാവത്തിലേക്ക് മാറ്റി. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായിരുന്ന എസ്. അജി 11,214 വോട്ടുകളായിരുന്നു നേടിയിരുന്നത്.

മറ്റ് സ്ഥാനാർത്ഥികൾ:

ബി.എസ്.പി സ്ഥാനാർത്ഥി രാജു എസ്. കൊട്ടാരക്കോണം 949 വോട്ടുകളും, ഡി.എച്ച്.ആർ.എം.പി സ്ഥാനാർത്ഥി വിനോദ് ഇലകമൺ 290 വോട്ടുകളും നേടി. 652 പേർ നോട്ട (NOTA) രേഖപ്പെടുത്തി.

വർക്കല നഗരസഭ, ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ, വെട്ടൂർ പഞ്ചായത്ത്‌ പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് വർക്കല നിയോജക മണ്ഡലം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!