
തലസ്ഥാന ജില്ലയിലെ നിർണ്ണായക മണ്ഡലമായ അരുവിക്കരയിൽ ചെങ്കൊടി പാറിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജി. സ്റ്റീഫൻ രണ്ടാം വട്ടവും വിജയിച്ചു കയറി. യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാറിനെ 2,843 വോട്ടുകൾക്കാണ് സ്റ്റീഫൻ പരാജയപ്പെടുത്തിയത്. കടുത്ത പോരാട്ടം പ്രവചിക്കപ്പെട്ട മണ്ഡലത്തിൽ അവസാന റൗണ്ടുകളിലെ ലീഡാണ് എൽ.ഡി.എഫ് വിജയം ഉറപ്പിച്ചത്.
രാവിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ മണ്ഡലത്തിൽ ആവേശകരമായ മത്സരമാണ് കാഴ്ചവെച്ചത്. 2021-ൽ കെ.എസ്. ശബരീനാഥനെ പരാജയപ്പെടുത്തിക്കൊണ്ട് മണ്ഡലം പിടിച്ചെടുത്ത സ്റ്റീഫൻ, ഇത്തവണയും തന്റെ ജനപ്രീതി തെളിയിച്ചു. എൽ.ഡി.എഫ് 61,907 വോട്ടുകൾ നേടിയപ്പോൾ, ശക്തമായ മത്സരം കാഴ്ചവെച്ച യു.ഡി.എഫ് 59,064 വോട്ടുകൾ നേടി.
മണ്ഡലത്തിൽ ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥി വിവേക് ഗോപൻ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. 23,760 വോട്ടുകളാണ് എൻ.ഡി.എ നേടിയത്. 2021-ലെ 15,379 വോട്ടുകളിൽ നിന്നും ഏകദേശം എണ്ണായിരത്തിലധികം വോട്ടുകൾ അധികമായി നേടാൻ ബി.ജെ.പിക്ക് സാധിച്ചു. ഈ വോട്ട് വർദ്ധനവ് ഇരു മുന്നണികളുടെയും ഭൂരിപക്ഷത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
ജി സ്റ്റീഫന്റെ ഭൂരിപക്ഷം 2021-ലെ 5,046-ൽ നിന്നും 2,843 ആയി കുറഞ്ഞതും ചർച്ചകൾക്ക് വഴി വെയ്ക്കും. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 775 പേർ നോട്ട (NOTA) രേഖപ്പെടുത്തി.
അരുവിക്കര, ആര്യനാട്, പൂവച്ചൽ, കുറ്റിച്ചൽ, തൊളിക്കോട്, വിതുര, വെള്ളനാട്, ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് അരുവിക്കര നിയോജക മണ്ഡലം


