
അഞ്ചുതെങ്ങ്: മീരാൻ കടവ് പാലത്തിന് സമീപം കടന്നൽ കൂട്ടത്തിന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പാലത്തിന് അടിഭാഗത്തുണ്ടായിരുന്ന കൂട് ഇളകിയതാണ് പെട്ടെന്നുള്ള ആക്രമണത്തിന് കാരണമായത്.
പാലത്തിന് താഴെ കെട്ടിയിരുന്ന കൂട് പെട്ടെന്ന് ഇളകുകയും കടന്നലുകൾ കൂട്ടത്തോടെ പുറത്തേക്ക് വരികയുമായിരുന്നു. ഈ സമയം പാലത്തിലൂടെ പോയിരുന്ന വാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും നേരെ കടന്നലുകൾ ആക്രമണം അഴിച്ചുവിട്ടു. കടന്നൽ കുത്തേറ്റ് ചിതറിയോടിയ പലർക്കും വീണും പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിൽ നിരവധി പേർക്ക് കുത്തേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഏകദേശം പതിനഞ്ചോളം സ്ഥലങ്ങളിൽ കടന്നലിന്റെ കുത്തേറ്റ ഇയാളെ ഉടൻ തന്നെ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല
കൂടാതെ നിരവധി ഇരുചക്ര വാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും കുത്തേറ്റു. പരിക്കേറ്റ പലരെയും പ്രാഥമിക ചികിത്സയ്ക്കായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


