വിദേശത്ത് പ്രണയ വാഗ്ദാനം; ഗർഭിണിയായപ്പോൾ നാട്ടിലേക്ക് മുങ്ങി, യുവതി മാനസികാരോഗ്യ കേന്ദ്രത്തിൽ

Attingal vartha_20260513_210548_0000

തിരുവനന്തപുരം: വിദേശത്ത് ജോലി ചെയ്യുന്നതിനിടെ പ്രണയം നടിച്ച് ശ്രീലങ്കൻ സ്വദേശിനിയായ യുവതിയെ വഞ്ചിച്ചെന്ന ആരോപണവുമായി കണിയാപുരം സ്വദേശിക്കെതിരെ ഗുരുതര പരാതികൾ. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ഇയാൾ വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് യുവതിയുമായി ബന്ധം സ്ഥാപിച്ചെന്നും, ഗർഭിണിയായതോടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നാട്ടിലേക്ക് മടങ്ങിയെന്നുമാണ് ആരോപണം.

അബുദാബിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് പ്രണയത്തിലായ യുവതി യുവാവിനെ വിശ്വസിച്ച് എട്ടുമാസത്തോളം ഒരുമിച്ച് താമസിച്ചിരുന്നതായാണ് വിവരം. ഇതിനിടെയാണ് യുവതി ഗർഭിണിയായത്. പിന്നാലെ യുവാവിന്റെ പെരുമാറ്റത്തിൽ മാറ്റമുണ്ടായതായും ഇയാൾ നാട്ടിലേക്ക് മടങ്ങിയതായും പറയുന്നു.
യുവാവിനെ അന്വേഷിച്ച് കണിയാപുരത്തെത്തിയ യുവതി, ഇയാളുടെ നിർബന്ധത്തെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭച്ഛിദ്രത്തിന് വിധേയയായതായും ആരോപണമുണ്ട്. പിന്നീട് “താൻ പിന്നാലെ എത്താം” എന്ന ഉറപ്പിൽ യുവതി തിരികെ പോയെങ്കിലും പിന്നീട് യുവാവിനെ ബന്ധപ്പെടാൻ കഴിഞ്ഞില്ല.

ഇതോടെ വീണ്ടും യുവാവിനെ തേടി തിരുവനന്തപുരത്തെത്തിയ യുവതി കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിസരത്ത് വികാരാധീനയായി രംഗം സൃഷ്ടിച്ചു. യുവാവിന്റെ ഭാര്യയും ബന്ധുക്കളും പിന്തുണയുമായി എത്തിയപ്പോൾ യുവതി ഒറ്റപ്പെട്ട നിലയിലായിരുന്നു. തുടർന്ന് അധികൃതർ യുവതിയെ അഗതിമന്ദിരത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ സ്റ്റേഷൻ മുറ്റത്ത് കിടന്നുരുണ്ടും കരഞ്ഞും പ്രതിഷേധിച്ചു.

ഒടുവിൽ കഴക്കൂട്ടം പൊലീസ് ഇടപെട്ട് യുവതിയെ ശാന്തയാക്കി. മാനസിക നില തകരാറിലായതായി കണ്ടെത്തിയതിനെ തുടർന്ന് യുവതിയെ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി വിവരം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!