കേരളം ഇനി വി.ഡി. സതീശൻ നയിക്കും

Attingal vartha_20260514_122515_0000

തിരുവനന്തപുരം: ദിവസങ്ങളോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഹൈക്കമാൻഡ് തല ചർച്ചകൾക്കും ഒടുവിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വം വി.ഡി. സതീശനെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ ചരിത്രവിജയത്തിലേക്ക് നയിച്ച നേതാവെന്ന വിലയിരുത്തലും സംസ്ഥാനത്തെ പൊതുവികാരവും ഘടകക്ഷികളുടെ നിലപാടുകളും സതീശന് അനുകൂലമായി.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവർ സജീവ പരിഗണനയിലുണ്ടായിരുന്ന സാഹചര്യത്തിൽ കോൺഗ്രസിനകത്തെ മത്സരം ശക്തമായിരുന്നു. എംഎൽഎമാരിൽ വലിയൊരു വിഭാഗത്തിന്റെ പിന്തുണ കെ.സി. വേണുഗോപാലിനൊപ്പമുണ്ടായിരുന്നുവെന്നാണ് സൂചന. എന്നാൽ, തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഖച്ഛായയായി ഉയർന്നുവന്ന സതീശനെ പിന്തുണച്ച് സംസ്ഥാന നേതാക്കളുടെയും പ്രവർത്തകരുടെയും പൊതുവികാരം ശക്തമായതോടെ ഹൈക്കമാൻഡ് അന്തിമമായി അദ്ദേഹത്തിന്റെ പേരിലേക്ക് എത്തുകയായിരുന്നു.

102 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ പത്തുവർഷത്തെ എൽഡിഎഫ് ഭരണത്തിന് വിരാമമിട്ട് അധികാരത്തിലെത്തിയ യുഡിഎഫിൽ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായി മാറിയിരുന്നു. നേതാക്കളെ പിന്തുണച്ച് ഫ്‌ളെക്‌സ് ബോർഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടതോടൊപ്പം സാമൂഹിക മാധ്യമങ്ങളിലും ശക്തമായ പ്രചാരണങ്ങളും അരങ്ങേറി.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അധികാരം ഹൈക്കമാൻഡിന് വിട്ടുകൊടുത്തിരുന്നു. തുടർന്ന് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും എംഎൽഎമാരുമായും ഘടകക്ഷി നേതാക്കളുമായും കൂടിക്കാഴ്ച നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഇതിനിടെ ചില ആഭ്യന്തര രേഖകൾ ചോർന്നുവെന്ന വിവാദവും പാർട്ടിക്കുള്ളിൽ ചർച്ചകൾക്ക് വഴിവെച്ചു.
തുടർന്ന് സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചർച്ചകൾ നടത്തി. കെ.സി. വേണുഗോപാലുമായി രാഹുൽ ഗാന്ധി പ്രത്യേകം കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അന്തിമ തീരുമാനം രൂപപ്പെട്ടത്.

കഴിഞ്ഞ അഞ്ച് വർഷമായി പ്രതിപക്ഷ നേതാവെന്ന നിലയിൽ സഭയ്ക്കകത്തും പുറത്തും സർക്കാരിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച സതീശന്റെ പ്രവർത്തനശൈലി ജനങ്ങൾക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലും വലിയ സ്വീകാര്യത നേടിയിരുന്നു. അഴിമതി ആരോപണങ്ങൾ, ഭരണപരമായ വീഴ്ചകൾ, നയപരമായ വിഷയങ്ങൾ എന്നിവയിൽ ശക്തമായ പ്രതിപക്ഷ ശബ്ദമായി അദ്ദേഹം മാറിയിരുന്നു.

1964 മെയ് 31-ന് എറണാകുളം ജില്ലയിലെ നെട്ടൂരിൽ ജനിച്ച വി.ഡി. സതീശൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്. എംജി സർവകലാശാല യൂണിയൻ ചെയർമാൻ, എൻഎസ്‌യു ദേശീയ സെക്രട്ടറി, എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം കോൺഗ്രസിലെ ശ്രദ്ധേയ നേതാക്കളിൽ ഒരാളായി വളർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!