
പൊന്മുടി സന്ദർശിച്ച് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴുവയസ്സുകാരി മരിച്ചു. കല്ലറ വളക്കുഴി പച്ച തോപ്പുവിള വീട്ടിൽ അനീഷ്–ശാലു ദമ്പതികളുടെ മകൾ ത്രയ നന്ദ (7) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 6.30ഓടെ പൊന്മുടി–കല്ലാർ റോഡിൽ ഗോൾഡൻ വാലി മൂന്നാം വളവിന് സമീപമാണ് അപകടം നടന്നത്. KL-21-T 4979 നമ്പർ കാർ കല്ലാർ ചെക്ക് പോസ്റ്റിന് താഴെ ഏകദേശം 30 മുതൽ 35 അടി താഴ്ചയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന ഏഴുപേർക്ക് പരിക്കേറ്റു. കല്ലറ വളക്കുഴിപ്പച്ച ശ്രീശൈലത്തിൽ അനൂപ് (47), അനു (38), നിവേദ് (13), തീർത്ഥ (17), കല്ലറ തറട്ട അഖിന ഭവനിൽ ലതികയുടെ മകൾ അഖിന (17), പാങ്ങോട് മൂന്നുമുക്ക് ബോസ് നിവാസിൽ ഷൈനിയുടെ മകൾ ഗോപിക (17) എന്നിവരെയാണ് പരിക്കുകളോടെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപകടവിവരം അറിഞ്ഞെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ത്രയ നന്ദയുടെ മൃതദേഹം നിലവിൽ വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്


