
തിരുവനന്തപുരം: ത്യാഗത്തിന്റേയും നന്മയുടേയും സന്ദേശം ഉയർത്തിപ്പിടിച്ച് കേരളത്തിലെ മുസ്ലിം വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ (ബക്രീദ്) ആഘോഷിക്കുന്നു. പള്ളികളിലും പ്രത്യേകം സജ്ജീകരിച്ച ഈദ് ഗാഹുകളിലും രാവിലെ മുതൽ പ്രത്യേക നമസ്കാരങ്ങളും പ്രാർഥനകളും നടന്നു. രാവിലെ 7അരയ്ക്കും 8 മണിക്കുമായി മിക്ക പള്ളികളിളും പ്രാർത്ഥനകൾ നടന്നു.
പ്രവാചകനായ ഇബ്രാഹീം നബി മകൻ ഇസ്മായിലിനെ ദൈവകൽപ്പന അനുസരിച്ച് ബലി നൽകാൻ തയ്യാറായ ത്യാഗസ്മരണയുടെ ഓർമ്മപ്പെടുത്തലായാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. നമസ്കാരങ്ങൾക്ക് ശേഷം വിശ്വാസികൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും അയൽവാസികളെയും സന്ദർശിക്കുകയും പരസ്പരം പെരുന്നാൾ ആശംസകൾ കൈമാറുകയും ചെയ്യുന്നു.
ബലി പെരുന്നാളിനോടനുബന്ധിച്ച് പള്ളികൾ, വീടുകൾ, വിവിധ കൂട്ടായ്മകൾ എന്നിവയുടെ നേതൃത്വത്തിൽ ബലി ഇറച്ചി വിതരണം ചെയ്യുന്ന ചടങ്ങുകളും നടക്കുന്നു.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു ബലിപെരുന്നാൾ ആഘോഷിച്ചത്. കേരളത്തിൽ ഇന്ന് ആഘോഷം നടക്കുന്നതിനാൽ സംസ്ഥാന സർക്കാർ ബക്രീദിനോടനുബന്ധിച്ച് രണ്ട് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ത്യാഗത്തിന്റെയും സഹാനുഭൂതിയുടെയും പങ്കുവെക്കലിന്റെയും മഹത്തായ സന്ദേശം സമൂഹത്തിലേക്ക് പകർന്നുകൊണ്ടാണ് ഇത്തവണയും ബലിപെരുന്നാൾ ആഘോഷങ്ങൾ പുരോഗമിക്കുന്നത്.
ഫോട്ടോ : വെള്ളൂർ മുസ്ലിം ജമാഅത്ത് കോട്ടുപ്പള്ളിയിൽ നടന്ന പ്രാർത്ഥനയിൽ നിന്നും


