
മണമ്പൂർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മണമ്പൂർ ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ കവലയൂർ ഹൈസ്കൂളിൽ നിന്നാണ് പരിസ്ഥിതി ദിനാഘോഷ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് പഞ്ചായത്തിലെ ഏഴ് സ്കൂളുകളിൽ പച്ചക്കറി തൈകളും ഫലവൃക്ഷ തൈകളും വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ‘ശുചിത്വ സുന്ദര ഗ്രാമം’ എന്ന പ്രത്യേക ഗ്രാമസഭയും പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. നൂറിലധികം ഗ്രാമസഭ അംഗങ്ങൾ പങ്കെടുത്ത പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുരേഷ് കുമാർ അധ്യക്ഷനായി.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രതി സ്വാഗതം ആശംസിച്ചു. ആരോഗ്യ വകുപ്പ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ഗ്രാമസഭയിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണം, ശുചിത്വ പ്രവർത്തനങ്ങൾ, ഗ്രാമവികസനം തുടങ്ങിയ വിഷയങ്ങൾ ഗ്രാമസഭയിൽ ചർച്ചയായി.


