
അഞ്ചുതെങ്ങ് വൈ ടു കെ ജംഗ്ഷനിലെ പൊതുനിരയിൽ വർഷങ്ങൾ പഴക്കമുള്ള ഭീമാകാരമായ പാലമരം നശിപ്പിക്കാൻ ആസിഡ് അല്ലെങ്കിൽ രാസവസ്തു ഒഴിച്ചതായി സംശയം ഉയർന്നത് പ്രദേശവാസികളിൽ ആശങ്കക്കും പ്രതിഷേധത്തിനും ഇടയാക്കി.
പ്രദേശത്തെ ഏക പ്രധാന തണൽമരമായിരുന്ന ഈ പാലമരത്തിന്റെ ചുവട്ടിലെ തോലി ഭാഗം ഇപ്പോൾ ഭാഗികമായി ഉണങ്ങി അടർന്ന നിലയിലാണ്. ഇതാണ് രാസവസ്തു ഉപയോഗിച്ചിട്ടുണ്ടാകാമെന്ന സംശയത്തിന് കാരണം ആയത്. സമീപവാസികളും യാത്രക്കാരും സംഭവത്തെ ശ്രദ്ധയിൽപ്പെടുത്തി അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.
ഏകദേശം നാല് മീറ്ററോളം ചുറ്റളവുള്ള ഈ വൻമരം ആരോഗ്യകരമായി നിലനിന്നിരുന്നുവെന്നും, സമീപത്ത് അപകട ഭീഷണിയൊന്നുമില്ലാത്തതിനാൽ പൊതുജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്ന തണൽമരമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കാത്തുനിൽക്കുന്ന യാത്രികർക്കും ഈ മരം വലിയ ആശ്രയമായിരുന്നു.
അഞ്ചുതെങ്ങ്–കടയ്ക്കാവൂർ റൂട്ടിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ ഇവിടെ തണലിനും വിശ്രമത്തിനും ഏക ആശ്രയമായിരുന്ന ഈ മരത്തിന് നേരെയുണ്ടായ ആക്രമണം പ്രകൃതി വിരുദ്ധ പ്രവർത്തനമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തണമെന്ന് ആവശ്യം ശക്തമാണ്


