
ആറ്റിങ്ങൽ: ലഹരി ഉപയോഗത്തിന് അടിമപ്പെട്ടവരെ മോചിപ്പിക്കുന്നതിനായി ആറ്റിങ്ങൽ ഗവ. ഹോമിയോ ആശുപത്രിയിൽ ‘പുനർജനി’ ലഹരിവിമുക്ത ചികിത്സാ പദ്ധതിയുടെ ഭാഗമായി പ്രത്യേക ലഹരിവിമുക്ത ക്ലിനിക്കിന് തുടക്കമായി.
ലഹരിക്ക് അടിമപ്പെട്ടവർക്കായി ആവശ്യമായ മരുന്നും ചികിത്സയും നൽകുന്നതിന് പുറമെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും ക്ലിനിക്കിലൂടെ ലഭ്യമാക്കും. രോഗികളുടെ കുടുംബാംഗങ്ങൾക്കും ആവശ്യമായ കൗൺസിലിംഗും ബോധവൽക്കരണവും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

എല്ലാ വെള്ളിയാഴ്ചയും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ക്ലിനിക്കിന്റെ ഒ.പി. പ്രവർത്തിക്കും. ചികിത്സ ആവശ്യമുള്ളവർക്ക് തുടർചികിത്സയ്ക്കുള്ള സൗകര്യവും ആശുപത്രിയിൽ ലഭ്യമാകും. കൂടാതെ റെസിഡന്റ്സ് അസോസിയേഷനുകളുടെയും മറ്റ് സംഘടനകളുടെയും ആവശ്യപ്രകാരം ലഹരിവിമുക്ത ബോധവൽക്കരണ പരിപാടികളും ചികിത്സാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
പുനർജനി ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ഷൈനി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ആർ. എസ്. രേഖ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ. എ. എം. താഹ, ജി. എസ്. ബിനു, പ്രിയാ സാബു, കൗൺസിലർ എസ്. സന്തോഷ്, ഡോ. രാജീവ് എബ്രഹാം, ഡോ. ജിനാ സിബി ജയിംസ് എന്നിവർ സംസാരിച്ചു.


