
ആറ്റിങ്ങൽ: തെരുവ് നായ നിയന്ത്രണവും ജനസുരക്ഷയും ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന ‘പോർട്ടബിൾ എ.ബി.സി’ (Animal Birth Control) പദ്ധതി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നു. പദ്ധതിയുടെ അടുത്ത ഘട്ടത്തിന് കരവാരം ഗ്രാമപഞ്ചായത്തിൽ തുടക്കമായി.
കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി. മുരളി മുഖ്യപ്രഭാഷണം നടത്തി.

നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ പൈലറ്റ് പദ്ധതിയായി 400 തെരുവ് നായ്ക്കളെ വന്ധീകരിക്കുകയും പേവിഷബാധ പ്രതിരോധ കുത്തിവയ്പ് നൽകുകയും ചെയ്തതിന്റെ വിജയത്തെ തുടർന്നാണ് പദ്ധതി ജില്ലയിലെ മറ്റ് തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കടിയേറ്റ സംഭവങ്ങൾ, അനിമൽ സെൻസസ് എന്നിവയുടെ അടിസ്ഥാനത്തിൽ അടിയന്തര ഇടപെടൽ ആവശ്യമായ പ്രദേശങ്ങൾ കണ്ടെത്തുകയും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറുള്ള തദ്ദേശസ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് സേവനം ലഭ്യമാക്കുകയും ചെയ്യും. വർഷം മുഴുവൻ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനായി വാർഷിക ആക്ഷൻ പ്ലാനും റൂട്ട് മാപ്പും ജില്ലാ പഞ്ചായത്ത് തയ്യാറാക്കും.
പോർട്ടബിൾ യൂണിറ്റുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള യാത്രാ-ഗതാഗത ചെലവ് ജില്ലാ പഞ്ചായത്ത് വഹിക്കും. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ നവീകരണം, വെറ്ററിനറി സർജന്മാർക്കും ഡോഗ് ക്യാച്ചർമാർക്കും പരിശീലനം, മൊബൈൽ യൂണിറ്റുകളുടെയും വാഹനങ്ങളുടെയും അറ്റകുറ്റപ്പണികളും സർവീസിംഗും ജില്ലാ പഞ്ചായത്ത് ഉറപ്പാക്കും.
പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനായി 2026–27 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ എ.ബി.സി സെന്ററിലേക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനായി 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.


