
ആറ്റിങ്ങൽ: വിവിധ തരത്തിലുള്ള പനികളും പകർച്ചവ്യാധികളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും ഹോമിയോ ആശുപത്രിയുടെയും നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ പൊതുജനങ്ങൾക്ക് പ്രതിരോധ മരുന്ന് വിതരണം ആരംഭിക്കും.
അംഗൻവാടികൾ, റെസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവ വഴിയും ഹോമിയോ ഡിസ്പെൻസറി മുഖേനയും മരുന്ന് വിതരണം നടത്തും. കൂടാതെ സിദ്ധ, ആയുർവേദ ഡിസ്പെൻസറികളിലും പൊതുജനങ്ങൾക്ക് പ്രതിരോധ മരുന്നുകൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രതിരോധ മരുന്ന് വിതരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് നിർവഹിക്കും. നിലവിലെ സാഹചര്യത്തിൽ എല്ലാവരും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുള്ള പ്രതിരോധ നടപടികൾ പാലിക്കുകയും കൃത്യമായി പ്രതിരോധ മരുന്ന് കഴിക്കുകയും ചെയ്യണമെന്ന് ചെയർപേഴ്സൺ എം. പ്രദീപ് അഭ്യർഥിച്ചു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നഗരസഭ കാര്യാലയത്തിൽ ചേർന്ന ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും യോഗത്തിൽ ആശുപത്രികളിൽ സ്വീകരിക്കേണ്ട അടിയന്തര ക്രമീകരണങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനങ്ങൾ കൈക്കൊണ്ടു.
വാർഡുതല സാനിറ്റേഷൻ കമ്മിറ്റികളുടെയും നഗരസഭയുടെയും നേതൃത്വത്തിൽ കൊതുകുകളുടെ ഉറവിട നശീകരണം, മലിനജല നിർമാർജനം, പൊതുഓടകളും ജലാശയങ്ങളും ശുചീകരിക്കൽ, കാടുവെട്ടി തെളിക്കൽ തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് ചെയർപേഴ്സൺ അറിയിച്ചു.


