
വെഞ്ഞാറമൂട്: മേൽപ്പാല നിർമാണത്തെ തുടർന്ന് വെഞ്ഞാറമൂട് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും വ്യാപാരികളുടെ പ്രതിസന്ധികൾക്കും അടിയന്തര പരിഹാരം കാണാൻ തീരുമാനം. നിർമാണത്തിനായി നിലവിൽ അടച്ചിട്ടിരിക്കുന്ന പ്രധാന റോഡുകൾ 20 ദിവസത്തിനകം തുറന്നുകൊടുക്കുകയും ബദൽ അപ്രോച്ച് റോഡുകളുടെ നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുകയും ചെയ്യാൻ നെല്ലനാട് പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവകക്ഷി അവലോകന യോഗം തീരുമാനിച്ചു.
സുധീർഷാ പാലോട് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ–നെടുമങ്ങാട് റോഡും തിരുവനന്തപുരം–കിളിമാനൂർ റോഡും 20 ദിവസത്തിനകം ഗതാഗതത്തിന് തുറന്നുനൽകും. സർവീസ് റോഡിൽ സൂക്ഷിച്ചിരിക്കുന്ന നിർമാണ സാമഗ്രികൾ റോഡിന്റെ മധ്യഭാഗത്തേക്ക് മാറ്റാൻ കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ടിംഗ് സൊസൈറ്റിക്ക് നിർദേശം നൽകി. വലിയ വാഹനങ്ങൾ പ്രധാന റോഡിലൂടെ പ്രവേശിച്ച് വ്യാപാര സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് തടയാൻ ക്രോസ് ബാറുകളും സ്ഥാപിക്കും.
മേൽപ്പാല നിർമാണകാലയളവിൽ ഗതാഗതം തിരിച്ചുവിടുന്നതിനായി നിശ്ചയിച്ചിട്ടുള്ള ബദൽ അപ്രോച്ച് റോഡുകളുടെ നവീകരണവും വേഗത്തിലാക്കും. കുന്നിൽ ഹൈപ്പർമാർക്കറ്റ്–വലിയവീട്ടിൽ–മാടൻനട–ഏറത്തുവീട്–നാഗരുകാവ് റോഡ്, മുക്കുന്നൂർ–ത്രിവേണി റോഡ്, കണ്ണൻകോട്–കൊക്കോട്ടുകോണം–വയ്യേറ്റ്–മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രം റോഡ് എന്നിവ അടിയന്തരമായി ഗതാഗതയോഗ്യമാക്കും. പ്രദേശങ്ങളിൽ കർശനമായ ട്രാഫിക് നിയന്ത്രണങ്ങളും നടപ്പാക്കും.
നിർമാണത്തിന് തടസ്സമായി നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ കെഎസ്ഇബി അടിയന്തരമായി മാറ്റിസ്ഥാപിക്കും. യാത്രക്കാരുടെ സൗകര്യത്തിനായി ആവശ്യമായ ദിശാബോർഡുകൾ സ്ഥാപിക്കാനും റോഡരികിൽ കിടക്കുന്ന മണ്ണും നിർമാണ അവശിഷ്ടങ്ങളും നീക്കം ചെയ്യാനും കെഎസ്ടിപിക്ക് നിർദേശം നൽകി. മലാംകോട് ക്ഷേത്രം–കിഴക്കേ റോഡിൽ സ്പീഡ് ബ്രേക്കറുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും. നാഗരുകുഴി–പിറപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം റോഡിൽ ഓട നിർമാണം നടക്കുന്നതിനാൽ സുരക്ഷയ്ക്കായി പോലീസിനെ വിന്യസിക്കാനും തീരുമാനമായി.
25.95 കോടി രൂപ ചെലവിൽ എട്ട് തൂണുകളിലായാണ് വെഞ്ഞാറമൂട് മേൽപ്പാലം നിർമിക്കുന്നത്. 2027 ജൂണിൽ നിർമാണം പൂർത്തിയാക്കാനാണ് കരാർ. ഭൂമി ഏറ്റെടുക്കൽ നടപടികളിലെ കാലതാമസമാണ് നിലവിലെ സർവീസ് റോഡുകളുടെ വീതി കുറയാൻ പ്രധാന കാരണമെന്ന് യോഗത്തിൽ വിലയിരുത്തി.
നിർമാണം പൂർത്തിയാകുന്നതുവരെ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ സർവകക്ഷി യോഗങ്ങൾ വിളിച്ചുചേരാനും തീരുമാനമായി.


