
വർക്കല: ചായയിൽ നിന്ന് സ്ക്രബ്ബറിന്റെ ഭാഗം ലഭിച്ചതായി ഉപഭോക്താവ് പരാതി നൽകിയതിനെ തുടർന്ന് വർക്കല മൈതാനത്തുള്ള സുപ്രഭാതം വെജിറ്റേറിയൻ ഹോട്ടൽ നഗരസഭ അടപ്പിച്ചു.
ഉപഭോക്താവ് നൽകിയ പരാതി നഗരസഭ കൗൺസിലർ സജിത മണികണ്ഠന് ലഭിച്ചതിനെ തുടർന്ന് കൗൺസിലറുടെ നിർദേശപ്രകാരം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തി. പരിശോധനയിൽ കണ്ടെത്തിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോട്ടലിനെതിരെ നടപടി സ്വീകരിച്ച് സ്ഥാപനം താൽക്കാലികമായി അടപ്പിച്ചത്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നഗരസഭ അധികൃതർ ഹോട്ടൽ ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ തുടർനടപടികൾ ബന്ധപ്പെട്ട വകുപ്പ് സ്വീകരിച്ചുവരികയാണ്.


