
വെമ്പായം: വെമ്പായം പഞ്ചായത്തിലെ വേറ്റിനാട് മേഖലയിൽ രണ്ട് കാട്ടുപോത്തുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വനംവകുപ്പ് വ്യാപക തെരച്ചിൽ ആരംഭിച്ചു.
തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ വേറ്റിനാട് പഴയ വില്ലേജ് ഓഫീസിന് സമീപത്ത് വാഹനയാത്രികരാണ് രണ്ട് കാട്ടുപോത്തുകളെ കണ്ടത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മൃഗങ്ങളെ കണ്ടെത്താനായില്ല.
പാലോട്, പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചുകളിലെ ഇരുപതോളം ഉദ്യോഗസ്ഥരാണ് നിലവിൽ തെരച്ചിൽ നടത്തുന്നത്. ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരിശോധന പുരോഗമിക്കുന്നത്.
നൂറുകണക്കിന് ഏക്കർ വിസ്തൃതിയുള്ള ഗ്രീൻവാലി എസ്റ്റേറ്റിനുള്ളിലാണ് കാട്ടുപോത്തുകൾ നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് വനംവകുപ്പിന്റെ നിഗമനം. മേഖലയിൽ ആദ്യമായാണ് കാട്ടുപോത്തുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
അടിക്കാടുകളുള്ള റബർ തോട്ടങ്ങൾ, പൈനാപ്പിൾ കൃഷിയിടങ്ങൾ, തരിശ് പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന ഭൂപ്രകൃതിയായതിനാൽ തെരച്ചിൽ ദുഷ്കരമാണെന്ന് അധികൃതർ അറിയിച്ചു.
കാട്ടുപോത്തുകൾ ജനവാസ മേഖലയിലേക്കോ എം.സി. റോഡിലേക്കോ എത്താതിരിക്കാൻ വനംവകുപ്പ് പ്രത്യേക ജാഗ്രത പാലിക്കുന്നുണ്ട്. മൃഗങ്ങളെ കണ്ടെത്തി മയക്കുവെടി വെച്ച് സുരക്ഷിതമായി പിടികൂടാനാണ് വനംവകുപ്പിന്റെ ശ്രമം.


