
മുതലപ്പൊഴിയില്‍ ശക്തമായ കടല്‍ക്ഷോഭത്തെ തുടർന്ന് മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
പൂന്തുറ സ്വദേശി ലിജോന്റെ ഉടമസ്ഥതയിലുള്ള ‘ജപമാല രാജ്ഞി’ എന്ന താങ്ങുവള്ളത്തിന്റെ കാരിയർ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.വള്ളം നിയന്ത്രണം വിട്ടു മറിഞ്ഞതിനെത്തുടർന്ന് ഇതിലുണ്ടായിരുന്ന മുഴുവൻ തൊഴിലാളികളും കടലിലേക്ക് തെറിച്ചുവീണു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന ഫിഷറീസ് വാടക വള്ളത്തിലെ ലൈഫ് ഗാർഡുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഇവരുടെ സമയോചിതമായ ഇടപെടല്‍ മൂലം തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിക്കാൻ സാധിച്ചു.
കടലില്‍ വീണ മൂന്ന് തൊഴിലാളികള്‍ക്ക് ഗുരുതരമായ പരിക്കുകളില്ലെങ്കിലും, പ്രാഥമിക ചികിത്സകള്‍ക്കായി ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


