
ആറ്റിങ്ങൽ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ നഗരൂരിൽ എംഡിഎംഎയുമായി യുവാവ് ഡാൻസഫ് സംഘത്തിന്റെ പിടിയിൽ. നഗരൂർ അൽത്തറമൂട് ഗണപതിയം കോണം എ.ബി.കെ വില്ലയിൽ അഹമ്മദ് ഷിറോൺ എൻ. (21) ആണ് അറസ്റ്റിലായത്. പ്രതിയിൽ നിന്ന് 1.85 ഗ്രാം എംഡിഎംഎയും ഒരു ഹ്യുണ്ടായി വെർണ കാറും പോലീസ് പിടിച്ചെടുത്തു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ബി. കെ. പ്രശാന്തൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആഡംബര കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎയുമായി യുവാവ് പിടിയിലായത്.
ആറ്റിങ്ങൽ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ എഫ്. ഫയാസ്, ബി. ദിലീപ്, എഎസ്ഐ ദിനോർ, സിപിഒമാരായ ലിജു, നന്ദു എന്നിവർ ചേർന്നാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.


