മണമ്പൂരിൽ ‘വിത്തുണര്‍-2026’ന് തുടക്കമായി; തരിശുനിലയിൽ നെൽകൃഷിയും മരമടി മഹോത്സവവും

Attingal vartha_20260709_215627_0000

കല്ലമ്പലം: മണമ്പൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ തേഞ്ചേരിക്കോണം പാടശേഖരത്തിൽ 13 ഏക്കർ തരിശുനിലയിൽ നെൽകൃഷിക്ക് തുടക്കമായി. “വിത്തുണര്‍-2026” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ മരമടി മത്സരം, കാർഷികോത്പന്ന പ്രദർശനം, കാർഷിക സെമിനാറുകൾ, വെച്ചൂർ പശുക്കളുടെ പ്രദർശനം എന്നിവയും ഉൾപ്പെടുത്തി നാട്ടുകാരുടെ കാർഷികോത്സവമായി പരിപാടി മാറി.

മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. കുഞ്ഞുമോൾ അധ്യക്ഷത വഹിച്ച പൊതുസമ്മേളനം ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക ഉദ്ഘാടനം ചെയ്തു. ഇത്തരത്തിലുള്ള കാർഷിക സംരംഭങ്ങളിലൂടെ മണമ്പൂർ പഞ്ചായത്ത് മറ്റുള്ളവർക്ക് മാതൃകയാകട്ടെയെന്ന് എം.എൽ.എ ആശംസിച്ചു.

മരമടി മത്സര വിജയികൾക്കും മികച്ച കർഷകർക്കുമുള്ള പുരസ്കാരങ്ങൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി വിതരണം ചെയ്തു.

നെൽകൃഷിയിലെ സംയോജിത വളപ്രയോഗം സംബന്ധിച്ച കാർഷിക സെമിനാറിന് ആത്മ പ്രോജക്ട് ഡയറക്ടർ പി. ഷക്കീലയും മിത്രാ നികേതൻ റിസർച്ച് ഓഫീസർ ജോയ് റേച്ചൽ വർഗീസും നേതൃത്വം നൽകി.

മുൻകാലങ്ങളിൽ നെൽകൃഷിക്കായി ഉപയോഗിച്ചിരുന്ന കാർഷിക ഉപകരണങ്ങൾ, നെൽവയലുകൾ, ഉരുക്കൾ എന്നിവ നേരിൽ കാണുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും പരിപാടിയിൽ പങ്കാളികളായി.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം നബീൽ കല്ലമ്പലം, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എൻ. രാജീവ്, മണമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ, കൃഷിവകുപ്പ് തിരുവനന്തപുരം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ പ്രേമവല്ലി, അപർണ വി.എം. എന്നിവർ സംസാരിച്ചു.

മണമ്പൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് അംഗങ്ങൾ, കർഷകർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!