
വാമനപുരം : എം.സി. റോഡിൽ വാമനപുരം ആശുപത്രി ജംഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിൽ മറ്റൊരു കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം. അപകടത്തിൽ രണ്ട് ബസുകളിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു.
വെഞ്ഞാറമൂട് ഭാഗത്തേക്ക് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് കെഎസ്ആർടിസി ബസുകളാണ് അപകടത്തിൽപ്പെട്ടത്. രണ്ടും സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി ബസ്സുകളാണ്.
കിളിമാനൂരിൽ നിന്ന് ചടയമംഗലം ഡിപ്പോയിലെ നെടുമങ്ങാട്ടേക്കുള്ള ബസും, വെള്ളുമണ്ണടി–കാരേറ്റ് വഴി വെഞ്ഞാറമൂട്ടിലേക്ക് വരികയായിരുന്ന മറ്റൊരു കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്.
ആശുപത്രി ജംഗ്ഷന് സമീപം യാത്രക്കാരെ ഇറക്കുന്നതിനായി ഒരു ബസ് നിർത്തിയപ്പോൾ, പിന്നാലെ എത്തിയ ബസ് നിയന്ത്രണം വിട്ട് അതിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഇടിച്ച ബസ് പുറകോട്ട് എടുക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഒരു കാറിലും ഇടിച്ചു.
അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ ആംബുലൻസുകളിൽ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് എം.സി. റോഡിൽ കുറച്ചുസമയം ഗതാഗത തടസ്സം അനുഭവപ്പെട്ടു


