
വര്‍ക്കല: വര്‍ക്കല ഹെലിപ്പാഡ് ക്ലിഫ് മേഖലയില്‍ വിനോദസഞ്ചാരിയായ 19കാരന് കുത്തേറ്റു. തഞ്ചാവൂര്‍ താമരംകോട്ടൈ സ്വദേശി സുദര്ശന് (19) ആണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി 10.40ന് ശേഷമാണ് സംഭവം.
കുത്തേറ്റ സുദര്‍ശനെ ഉടന്‍ തന്നെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തുടര്‍ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഹെലിപ്പാഡ് ഭാഗത്തുനിന്ന് ക്ലിഫിലൂടെ നടന്നുപോകുന്നതിനിടെയാണ് സംഭവം. സുദര്‍ശനും സുഹൃത്തുക്കളായ സതീഷ് (17), കുമുദന് (19) എന്നിവരെ ഒരു സംഘം തടഞ്ഞുനിര്‍ത്തി വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെയാണ് സുദര്‍ശനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം.
ആക്രമണത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ പിടികൂടിയതായി സൂചനയുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.


