
കടയ്ക്കാവൂർ: ചിറയിൻകീഴ് താലൂക്കിലെ മുതിർന്ന പത്രപ്രവർത്തകനും കേരളകൗമുദിയുടെ ദീർഘകാല ലേഖകനുമായിരുന്ന നെടുങ്കണ്ട ഭാനുമതി ഭവനിൽ ശിവദാസ്.ഡി (90) നിര്യാതനായി ശിവദാസ് (90) അന്തരിച്ചു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് (ജൂലൈ 15) രാവിലെ 11.30ന് വീട്ടുവളപ്പിൽ നടക്കും.
ഏഴ് പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ കേരളകൗമുദിയോടുള്ള അചഞ്ചലമായ വിശ്വസ്തതയായിരുന്നു ശിവദാസിന്റെ മുഖമുദ്ര. വളരെ ചെറുപ്പത്തിൽ തന്നെ കേരളകൗമുദിയുടെ ഏജന്റായി പ്രവർത്തനം ആരംഭിച്ച അദ്ദേഹം പിന്നീട് പത്രത്തിന്റെ പ്രമുഖ പ്രാദേശിക ലേഖകനായി വളർന്നു.
18-ാം വയസ്സിൽ കേരളകൗമുദി പത്രാധിപരായിരുന്ന കെ. സുകുമാരൻ നേരിട്ടാണ് ശിവദാസിന് പത്രത്തിന്റെ ഏജൻസി നൽകിയത്. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി.
വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വിളഭാഗം, വെട്ടൂർ, നിലയ്ക്കാമുക്ക് തുടങ്ങി വിശാലമായ പ്രദേശങ്ങളിൽ സ്വന്തം കൈകളാൽ പത്രം വിതരണം ചെയ്തിരുന്ന കാലവും ശിവദാസിന്റെ ജീവിതത്തിലുണ്ട്. അന്നത്തെ സാഹചര്യത്തിൽ ആ പ്രദേശങ്ങളിൽ കേരളകൗമുദി മാത്രമായിരുന്നു പ്രധാന ദിനപത്രം.
വർക്കല മേഖലയിൽ കെ.ആർ. കേശവൻ (മുതിർന്ന പത്രപ്രവർത്തകൻ വർക്കല ജയപ്രകാശിന്റെ പിതാവ്) മാത്രമായിരുന്നു മറ്റൊരു കേരളകൗമുദി ഏജന്റ്. ആ കാലഘട്ടത്തിലെ പത്രവിതരണ ചരിത്രത്തിൽ ഇരുവർക്കും സവിശേഷ സ്ഥാനമുണ്ട്.
പിന്നീട് മറ്റ് പ്രമുഖ ദിനപത്രങ്ങൾ ഏജൻസി നൽകാൻ സമീപിച്ചപ്പോഴും “ഞാൻ കേരളകൗമുദി മാത്രമേ വിതരണം ചെയ്യൂ” എന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. ജീവിതാവസാനം വരെ ആ വിശ്വസ്തതയിൽ ഒരു മാറ്റവും വരുത്തിയില്ല.
പ്രായാധിക്യം കാരണം സജീവ റിപ്പോർട്ടിംഗിൽ നിന്ന് വിട്ടുനിന്നെങ്കിലും അടുത്തകാലം വരെയും കടയ്ക്കാവൂർ മേഖലയിലെ കേരളകൗമുദിയുടെ മുഖമായിരുന്നു ശിവദാസ്.
പത്രപ്രവർത്തനത്തിനപ്പുറം സാമൂഹിക രംഗത്തും അദ്ദേഹം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം എസ്.എൻ.ഡി.പി. നെടുങ്കണ്ട ശാഖയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു.
പ്രത്യേകമായ വാർത്താശൈലിയും വ്യക്തമായ നിലപാടുകളും കൊണ്ട് ശ്രദ്ധേയനായിരുന്ന ശിവദാസിനെ “ശിവദാസേട്ടൻ” എന്നായിരുന്നു നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്നത്.
മാധ്യമരംഗത്ത് ആത്മാർത്ഥതയും വിശ്വസ്തതയും ഒരുമിച്ച് കാത്തുസൂക്ഷിച്ച അപൂർവ വ്യക്തിത്വത്തിന്റെ വിടവാങ്ങലാണ് കടയ്ക്കാവൂർ ശിവദാസിന്റെ നിര്യാണം. അദ്ദേഹത്തിന്റെ വിയോഗം ചിറയിൻകീഴ് താലൂക്കിലെയും കേരളകൗമുദി കുടുംബത്തിലെയും മാധ്യമരംഗത്തിന്റെയും നികത്താനാവാത്ത നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഭാര്യ: രത്നമ്മ. മക്കൾ: പരേതയായ അനിത, അജിത (നിലയ്ക്കാമുക്ക് ഏജന്റ്), അജികുമാർ (ഷാർജ), അർച്ചന. മരുമക്കൾ: ശിവകുമാർ, സുരേഷ് ബാബു (കായിക്കര ഏജന്റ്), മണി, അഭില.


