പെരിങ്ങമ്മല കൊച്ചുവിളയിൽ കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം

Attingal vartha_20260723_090423_0000

പെരിങ്ങമ്മല: ജനവാസ മേഖലയായ പെരിങ്ങമ്മല പഞ്ചായത്തിലെ കൊച്ചുവിളയിൽ റബർ തോട്ടത്തിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനാശം വിതച്ചു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ സംഭവത്തിൽ നിരവധി കാർഷിക വിളകൾ നശിച്ചതായാണ് നാട്ടുകാർ പറയുന്നത്. ഇതേ പ്രദേശത്ത് മുൻപും പലതവണ കാട്ടാനയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സംഭവവിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദേശവാസികളുടെ സഹായത്തോടെ കാട്ടാനയെ വനത്തിലേക്ക് തിരിച്ചുകയറ്റി. എന്നാൽ ആന വീണ്ടും ജനവാസ മേഖലയിലേക്ക് എത്തുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

പെരിങ്ങമ്മല പഞ്ചായത്തിലെ ഇലവുപാലം, സ്വാമി നഗർ, കുട്ടത്തികരിക്കകം, എക്സ് കോളനി തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. വീടുകൾക്ക് സമീപത്തെ പ്ലാവുകളിൽ നിന്നുള്ള ചക്ക ഭക്ഷിക്കുന്നതും മറ്റ് കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണെന്നും ഇതുമൂലം ജനങ്ങൾ ഭീതിയിലാണെന്നും അവർ പറയുന്നു. കാട്ടുപോത്തുകളുടെ സാന്നിധ്യവും പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

ഇതിനുപുറമെ പന്നി, മ്ലാവ്, കേഴയാട്, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. വന്യമൃഗ ആക്രമണവും കൃഷിനാശവും കാരണം നിരവധി കർഷകർ കൃഷി പൂർണമായും ഉപേക്ഷിച്ചിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

വനംവകുപ്പിനും പഞ്ചായത്തിനും നിരവധി തവണ പരാതി നൽകിയിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ആദിവാസി മേഖലകളിലെ ചില ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ വേലികളിൽ പലതും പ്രവർത്തനരഹിതമാണെന്നും അവ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

വന്യമൃഗശല്യം പതിവായ സാഹചര്യത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ സ്ഥിരം സേവനം ഈ മേഖലയിൽ ഉറപ്പാക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും ആവശ്യമായ സംരക്ഷണം നൽകുകയും ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!