
കണിയാപുരം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന തോന്നൽ ഭഗവതി ക്ഷേത്രവും അതിന്റെ രണ്ട് ക്ഷേത്രക്കുളങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരന് നിവേദനം നൽകി.
വിശ്വാസി സമൂഹത്തിന് ഏറെ പ്രാധാന്യമുള്ള ക്ഷേത്രക്കുളങ്ങൾ നിലവിൽ നാശോന്മുഖമായ അവസ്ഥയിലാണെന്നും അവ വൃത്തിയാക്കി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ സംരക്ഷിച്ച് നിലനിർത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അർച്ചനയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ അക്ബർ കടവിൽ, സീനാ രാജൻ, നൗഫ സജീർ, അഡ്വ. എം. മുനീർ എന്നിവർ ഉൾപ്പെട്ട സംഘമാണ് മന്ത്രിയെ സന്ദർശിച്ച് നിവേദനം കൈമാറിയത്.
നിവേദനം പരിഗണിച്ച മന്ത്രി ക്ഷേത്രക്കുളങ്ങൾ വൃത്തിയാക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കാൻ ദേവസ്വം വകുപ്പിന് നിർദേശം നൽകിയതായി നിവേദനസംഘം അറിയിച്ചു


