വെമ്പായം ബാർ സംഘർഷക്കേസ്: ദൃക്സാക്ഷിയായ യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരണസംഖ്യ മൂന്നായി

Attingal vartha_20260724_104418_0000

വെമ്പായം ബാറിൽ നടന്ന പെട്രോൾ ആക്രമണക്കേസിൽ നിർണായക ദൃക്സാക്ഷിയായിരുന്ന യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിഞ്ചയം താന്നിമൂട് ഉണ്ടപ്പാറ കുഴിവിള പറയൻകാവിൽ രതീഷ് (35) ആണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വെമ്പായത്തെ ഹോട്ടൽ ആൻഡ് റസിഡൻസിയിലെ ബാറിൽ സംഘർഷമുണ്ടായത്. ആക്രമണത്തിനിടെ പെട്രോൾ ദേഹത്ത് വീണ് ഗുരുതരമായി പൊള്ളലേറ്റ പ്രതിയായ അനീഷും ആക്രമണത്തിനിരയായ വെമ്പായം തേക്കട മാടൻനട സ്വദേശി നവാസും ചികിത്സയ്ക്കിടെ മരിച്ചിരുന്നു.

സംഭവസമയത്ത് ബാറിലുണ്ടായിരുന്ന രതീഷ് കേസിലെ പ്രധാന ദൃക്സാക്ഷികളിൽ ഒരാളായിരുന്നു. കേസിൽ പ്രതിചേർക്കുമെന്ന് പറഞ്ഞ് പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി രതീഷിന്റെ കുടുംബം ആരോപിച്ചു. ഇതുമൂലമുണ്ടായ കടുത്ത മാനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം പറയുന്നു.

എന്നാൽ, ഈ ആരോപണത്തിൽ പൊലീസിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
മരിച്ച അനീഷും നവാസും രതീഷിന്റെ ടിപ്പർ ലോറികളിലെ ഡ്രൈവർമാരായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം രാവിലെയാണ് രതീഷിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഇതോടെ വെമ്പായം ബാർ സംഘർഷവുമായി ബന്ധപ്പെട്ട് മരണപ്പെട്ടവരുടെ എണ്ണം മൂന്നായി.

അതേസമയം, പെട്രോൾ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ മറ്റ് മൂന്നുപേർ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുകയാണ്.
ദൃക്സാക്ഷിയുടെ മരണവും കുടുംബം ഉന്നയിച്ച ഗുരുതര ആരോപണങ്ങളും കേസിന് പുതിയ വഴിത്തിരിവായിരിക്കുകയാണ്. സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ശക്തമായി ഉയരുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!