ആറ്റിങ്ങലിൽ വിദ്യാർഥിനിയെ സ്വകാര്യ ബസിൽ നിന്ന് പരസ്യമായി അധിക്ഷേപിച്ച് ഇറക്കിവിട്ട സംഭവം; ചൈൽഡ് ലൈൻ, മോട്ടോർ വാഹന വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം

Attingal vartha_20260724_171934_0000

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസിൽ പരസ്യമായി അധിക്ഷേപിക്കുകയും കൺസഷൻ നിഷേധിച്ച് വഴിയിൽ ഇറക്കിവിടുകയും ചെയ്ത സംഭവത്തിൽ ചൈൽഡ് ലൈൻ, മോട്ടോർ വാഹന വകുപ്പ് എന്നിവ അടിയന്തരമായി ഇടപെട്ട് സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.

ഇന്ന് രാവിലെയാണ് സംഭവം. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് അവനവഞ്ചേരി ഭാഗത്തേക്ക് സർവീസ് നടത്തുന്ന ‘അഖില’ എന്ന സ്വകാര്യ ബസിൽ കയറിയത്.

എസ്.എഫ്.ഐ പ്രഖ്യാപിച്ച വിദ്യാർഥി സമരത്തിന്റെ ഭാഗമായി സ്കൂളുകൾക്ക് അവധി നൽകിയിരുന്നെങ്കിലും ഹാജർ രേഖപ്പെടുത്താൻ സ്കൂളിലെത്തി മടങ്ങുകയായിരുന്ന വിദ്യാർഥിനി അഞ്ച് രൂപ നൽകിയപ്പോൾ, പത്ത് രൂപയാണ് മിനിമം ചാർജെന്ന് പറഞ്ഞ് കണ്ടക്ടർ ടിക്കറ്റ് നൽകാൻ വിസമ്മതിച്ചെന്നാണ് പരാതി.

സ്കൂളിൽ പോയി മടങ്ങുകയാണെന്ന് വിശദീകരിച്ചിട്ടും, “ഇത്രയും നേരം എവിടെയായിരുന്നു?” എന്നടക്കമുള്ള അപമാനകരമായ ചോദ്യങ്ങൾ പൊതുജനങ്ങൾക്കുമുന്നിൽ ചോദിച്ച് വിദ്യാർഥിനിയെ മാനസികമായി തകർക്കുന്ന രീതിയിൽ അധിക്ഷേപിച്ചു. സ്കൂൾ ഐഡി കാർഡ് കാണിച്ചിട്ടും കൺസഷൻ അനുവദിക്കാതെ, സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് കയറിയ വിദ്യാർഥിനിയെ അടുത്ത സ്റ്റോപ്പായ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ഇറക്കിവിട്ടു.

വിദ്യാർഥിനിയോട് സ്വീകരിച്ച സമീപനം ബാലാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും, പൊതുഗതാഗതത്തിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ അന്തസ്സിനും സുരക്ഷയ്ക്കും നേരെയുള്ള വെല്ലുവിളിയാണെന്നും പ്രതിഷേധം ശക്തമാകുകയാണ്.

അതേസമയം, സ്വകാര്യ ബസുകളിൽ വിദ്യാർഥികളിൽ നിന്ന് നിയമവിരുദ്ധമായി മിനിമം എസ്.ടി നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. ഒരു രൂപ മാത്രം കൺസഷൻ നൽകേണ്ട ദൂരത്തുപോലും അഞ്ച് രൂപയും അതിലധികവും ഈടാക്കുന്നതായി വിദ്യാർഥികൾ പറയുന്നു. ഇത്തരം സാമ്പത്തിക ചൂഷണത്തിനെതിരെ മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

കൂടാതെ, ചില സ്വകാര്യ ബസുകളിലെ കണ്ടക്ടർമാർ വിദ്യാർഥിനികളുടെ കഴുത്തിൽ ധരിച്ചിരിക്കുന്ന ഐഡി കാർഡുകൾ പരിശോധിക്കുന്ന പേരിൽ ശരീരത്തിൽ സ്പർശിക്കുന്ന തരത്തിലുള്ള പെരുമാറ്റവും ഉണ്ടായുവരുന്നതായി ഗുരുതര ആരോപണങ്ങൾ ഉയരുന്നു. വിദ്യാർഥിനികൾ കൈയിൽ എടുത്ത് കാണിക്കുന്ന ഐഡി കാർഡ് മതിയാകുമ്പോൾ അനാവശ്യമായ ശാരീരിക സമ്പർക്കം എന്തിനാണെന്ന ചോദ്യവും ഉയരുകയാണ്.

വിദ്യാർഥിനിയെ പരസ്യമായി അപമാനിക്കുകയും കൺസഷൻ നിഷേധിക്കുകയും വഴിയിൽ ഇറക്കിവിടുകയും ചെയ്ത സംഭവത്തിൽ വ്യാപക ജനരോഷമാണ് ഉയരുന്നത്. വിവിധ വിദ്യാർഥി സംഘടനകളും സാമൂഹിക പ്രവർത്തകരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. സംഭവത്തിൽ ചൈൽഡ് ലൈൻ, മോട്ടോർ വാഹന വകുപ്പ്, പൊലീസ് എന്നിവ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!