
അഞ്ചുതെങ്ങ് : അമിതവേഗത്തിലെത്തിയ കാർ ട്രാൻസ്‌ഫോർമറിലും വൈദ്യുതിത്തൂണുകളിലും ഇടിച്ചുണ്ടായ അപകടത്തിൽ 17-കാരന് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.30ഓടെ അഞ്ചുതെങ്ങ് പ്രധാനപാതയിലെ മൂലയ്തോട്ടം വളവിൽ നടന്ന അപകടത്തിൽ സമീപത്ത് നിൽക്കുകയായിരുന്ന അഞ്ചുതെങ്ങ് സ്വദേശി ഷിബിൻ (17) ആണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുതലപ്പൊഴി ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ കാർ വളവ് തിരിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് ട്രാൻസ്‌ഫോർമറിലും സമീപത്തെ വൈദ്യുതിത്തൂണുകളിലും ഇടിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ ട്രാൻസ്‌ഫോർമർ തകർന്നതോടൊപ്പം നിരവധി വൈദ്യുതിത്തൂണുകളും നിലംപൊത്തി. ഇതോടെ പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
കാറിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്കും പരിക്കേറ്റെങ്കിലും അവരുടെ പരുക്കുകൾ ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം. പരിക്കേറ്റ മറ്റ് ആളുകളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപകടസ്ഥലത്ത് മുമ്പും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, അപകടസാധ്യതയേറിയ ഈ വളവിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അലൂമിനിയം വൈദ്യുതിക്കമ്പികൾക്ക് പകരം കേബിളുകൾ സ്ഥാപിച്ചിരുന്നതിനാൽ കൂടുതൽ വലിയ ദുരന്തം ഒഴിവായതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


