
വർക്കല: ഇടവയ്ക്ക് സമീപം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. പൂന്തുറ പരുത്തിക്കുഴി കളരിവീട്ടിൽ സെയ്ദലിയുടെ മകൻ അജ്മൽ (32) ആണ് മരിച്ചത്. തടിക്കട തൊഴിലാളിയായ അജ്മൽ അവിവാഹിതനാണ്.
ഞായറാഴ്ച പുലർച്ചെ 5.30ഓടെ അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇടവ ജനതാമുക്കിന് സമീപം പുന്നക്കുളത്താണ് അപകടം. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്.
വിവരമറിഞ്ഞ് അയിരൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


