
കിളിമാനൂർ: കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനും രക്ഷിതാക്കളിൽ റോഡ് സുരക്ഷാ അവബോധം വളർത്തുന്നതിനുമായി കിളിമാനൂർ ഗവ. എൽ.പി.എസ്. റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
സ്കൂൾ വാഹനങ്ങളിൽ കുട്ടികളെ കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോൾ രക്ഷിതാക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാനിർദ്ദേശങ്ങൾ, റോഡിലൂടെ സഞ്ചരിക്കുമ്പോൾ കുട്ടികളും മുതിർന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ പരിപാടിയിൽ വിശദീകരിച്ചു. സ്കൂൾ വാഹനങ്ങളുടെ സുരക്ഷ, റോഡ് മുറിച്ചുകടക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ, അപകടസാധ്യതകൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങളും ക്ലാസിൽ ചർച്ച ചെയ്തു.

ആറ്റിങ്ങൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സരിഗ ജ്യോതി ജെ. എസ്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് നയിച്ചു. റോഡ് സുരക്ഷ ഒരു നിയമപാലനം മാത്രമല്ല, ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശവും ക്ലാസിലൂടെ നൽകി.
പി.ടി.എ. പ്രസിഡന്റ് അരുൺ എം. എസ്. അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജോയ്സൺ എബ്രഹാം സ്വാഗതവും എം.പി.ടി.എ. പ്രസിഡന്റ് റീജ എസ്. നന്ദിയും പറഞ്ഞു.
കുട്ടികളുടെ സുരക്ഷിത യാത്രയ്ക്കായി വിദ്യാലയവും രക്ഷിതാക്കളും കൈകോർക്കണമെന്ന സന്ദേശമാണ് പരിപാടി മുന്നോട്ടുവച്ചത്.


