
തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളം സെന്റ് മാർത്താസ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് അൽഫിൻ എസ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ‘Grand Master’ പദവി നേടി. കാർഡ്ബോർഡ്, പാഴ് വസ്തുക്കൾ, നിറങ്ങൾ എന്നിവ ഉപയോഗിച്ച് വെറും 1.5 സെ.മീ × 1.4 സെ.മീ വലിപ്പത്തിൽ റോഡ് റോളറിന്റെ സൂക്ഷ്മ മാതൃക നിർമിച്ചതിനാണ് ഈ അപൂർവ ബഹുമതി ലഭിച്ചത്. 2026 ജൂൺ 30-ന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് എഡിറ്റോറിയൽ ബോർഡ് നേട്ടം സ്ഥിരീകരിച്ചു.
ഈ നേട്ടത്തിനുള്ള ‘Grand Master’ പദവിയും സർട്ടിഫിക്കറ്റും കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന്റെ കൈകളിൽ നിന്ന് കഴിഞ്ഞ ദിവസം മുഹമ്മദ് അൽഫിൻ ഏറ്റുവാങ്ങി.
ഇതേ സൃഷ്ടിയിലൂടെ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും India Book of Records-ലും ഇടം നേടിയ അൽഫിൻ, കേരള സർക്കാർ ഉജ്ജ്വല ബാല്യം പുരസ്കാരവും നേടിയിട്ടുണ്ട്. കണിയാപുരം സ്വദേശികളായ ഷഫീഖ്–അൻസി ദമ്പതികളുടെ മകനാണ്. ബൗദ്ധിക വെല്ലുവിളികളെ അതിജീവിച്ച് സ്വന്തമാക്കിയ അൽഫിന്റെ ഈ നേട്ടം നാടിന് അഭിമാനമായി മാറിയിരിക്കുകയാണ്.


