
ആറ്റിങ്ങൽ: ഉത്രാടപ്പാച്ചിലിന് പിന്നാലെ മണിക്കൂറുകൾ നീണ്ട ശുചീകരണ പ്രവർത്തനങ്ങളിലൂടെ ആറ്റിങ്ങൽ നഗരവീഥികൾ വൃത്തിയാക്കി നഗരസഭാ ആരോഗ്യവിഭാഗം. തിരുവോണനാളിൽ മാവേലി തമ്പുരാനെ വരവേൽക്കാൻ നഗരത്തെ ശുചിത്വപൂർണമാക്കുകയെന്ന ലക്ഷ്യത്തോടെ ശുചീകരണ തൊഴിലാളികൾ രാത്രിയിലും പുലർച്ചെയുമായി നടത്തിയ പ്രവർത്തനമാണ് ശ്രദ്ധേയമായത്.
ഉത്രാടദിവസം വൈകിട്ട് 6 മണിയോടെ പത്ത് ശുചീകരണ തൊഴിലാളികൾ ജോലിക്കെത്തി. ലോറിയും ചെറിയ ഓട്ടോറിക്ഷയും ഉപയോഗിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഖര, ദ്രവ, ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തു. പൂരാടദിവസം വ്യാപകമായി മഴ പെയ്തതിനാൽ നഗരത്തിൽ തിരക്ക് കുറവായിരുന്നെങ്കിലും ഉത്രാടദിവസം വൈകിയും നഗരത്തിലെ തിരക്ക് തുടർന്നു. ഇതോടെ രാത്രി 7.30ഓടെയാണ് പ്രധാന ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
മണിക്കൂറുകൾ നീണ്ട പ്രവർത്തനങ്ങൾ തിരുവോണദിവസം പുലർച്ചെ അഞ്ചോടെയാണ് പൂർത്തിയായത്. പ്രതികൂല കാലാവസ്ഥയിലും നഗരവീഥികൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ നഗരസഭാ ചെയർപേഴ്സൺ എം. പ്രദീപ് വിവിധ സ്ഥലങ്ങളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തൊഴിലാളികളുടെ പ്രവർത്തനത്തെ ചെയർപേഴ്സൺ അഭിനന്ദിക്കുകയും ചെയ്തു.
ഉത്രാടരാവിലെ നഗരത്തിലെ പരമാവധി മാലിന്യങ്ങൾ നീക്കം ചെയ്ത് നഗരത്തെ തിരുവോണത്തിനായി ഒരുക്കാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് നഗരസഭാ ആരോഗ്യവിഭാഗം.
ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നഗരസഭാ ചെയർപേഴ്സൺ എം. പ്രദീപിനും ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും വ്യാപാരി സുഹൃത്തുക്കൾക്കും നാട്ടുകാർക്കും നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികൾ നന്ദി അറിയിച്ചു. പ്രവർത്തനങ്ങളോട് നേരിട്ടും അല്ലാതെയും സഹകരിച്ച എല്ലാവർക്കും ഹൃദയംഗമമായ നന്ദിയും തിരുവോണാശംസകളും തൊഴിലാളികൾ നേർന്നു.


