
കല്ലറ: മുതുവിള, മൂളമുക്ക് പ്രദേശങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരനടക്കം അഞ്ചുപേർക്ക് പരിക്ക്. കല്ലറ പാരമുക്ക് തടത്തരികത്ത് പുത്തൻവീട്ടിൽ റംസീന (31), മകൻ മുഹമ്മദ് സിദാൻ (5), മൂളമുക്ക് സ്വദേശികളായ രേഖ, ശ്യാമള, ഉഷ എന്നിവർക്കാണ് കടിയേറ്റത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. ആടുകളെ നോക്കാനായി വീട്ടിൽനിന്ന് പുറത്തിറങ്ങിയ സിദാനെ പുരയിടത്തിലൂടെ ഓടിയെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കുന്നതിനിടെ റംസീനയ്ക്കും നായയുടെ കടിയേറ്റു. റംസീനയുടെ വലത് കൈയിലും സിദാന്റെ ഇടത് കൈയിലും ആഴത്തിലുള്ള മുറിവേറ്റു. ആക്രമണത്തിനിടെ വീണ സിദാന്റെ കൈയ്ക്ക് പൊട്ടലും സംഭവിച്ചു.
അയൽവാസികളെത്തിയാണ് ഇരുവരെയും രക്ഷിച്ചത്. കല്ലറ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയശേഷം ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മറ്റ് മൂന്ന് പേർ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് പ്രതിരോധ കുത്തിവയ്പും സ്വീകരിച്ചു.
നായയ്ക്ക് പേവിഷബാധയുടെ ലക്ഷണങ്ങളുണ്ടെന്ന സംശയം പ്രദേശവാസികളിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കല്ലറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായതോടെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.


