
ഫുഡ് ചലഞ്ചും ആക്രി ചലഞ്ചും നടത്തി സമാഹരിച്ച തുകയിൽ നിർധനരായ കൂട്ടുകാർക്ക് ഭക്ഷ്യക്കിറ്റുകളും പഠനോപകരണങ്ങളും നൽകി
വിതുര: പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും മികച്ച മാതൃക തീർത്ത് വിതുര ഗവ. വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. ഓണം അവധിക്കാലം ആഘോഷത്തിനൊപ്പം കരുതലിന്റെയും പങ്കുവയ്ക്കലിന്റെയും കാലമാക്കി മാറ്റിയ കേഡറ്റുകൾ വിവിധ പ്രവർത്തനങ്ങളിലൂടെ തുക സമാഹരിച്ച് നിർധനരായ സഹപാഠികൾക്ക് കൈത്താങ്ങായി.

ഫുഡ് ചലഞ്ചിന്റെ ഭാഗമായി കേഡറ്റുകൾ തന്നെ തയ്യാറാക്കിയ പായസം, വിവിധതരം പലഹാരങ്ങൾ തുടങ്ങിയവ അയൽപക്കങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തിയാണ് തുക സമാഹരിച്ചത്. കുട്ടികളുടെ ഈ സംരംഭത്തിന് രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയും ലഭിച്ചു. സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ച ചെറിയ തുകകൾ പോലും മറ്റുള്ളവരുടെ ജീവിതത്തിൽ വലിയ ആശ്വാസമാകുമെന്ന സന്ദേശമാണ് കുട്ടികൾ ഇതിലൂടെ നൽകിയത്.
ഇതിനുപുറമെ, ആക്രി ചലഞ്ചും സംഘടിപ്പിച്ചു. വീടുകളിലും പരിസരങ്ങളിലും നിന്ന് ശേഖരിച്ച പാഴ് വസ്തുക്കൾ വിൽപ്പന നടത്തി ലഭിച്ച തുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചു. ഇങ്ങനെ വിവിധ പ്രവർത്തനങ്ങളിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് രണ്ട് കുടുംബങ്ങൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യക്കിറ്റുകൾ നൽകി.

പഠനത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ കഴിയാത്ത സഹപാഠികൾക്കായി സ്കൂൾ ബാഗ്, നോട്ട്ബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സുകൾ, വാട്ടർ ബോട്ടിലുകൾ തുടങ്ങിയ പഠനോപകരണങ്ങളും കേഡറ്റുകൾ വാങ്ങി നൽകി. സഹപാഠികളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവർക്കൊപ്പം നിൽക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
ഓണം അവധിക്കാലത്തും കേഡറ്റുകൾ വിവിധ പരിശീലന ക്യാമ്പുകളിലും സജീവമായി പങ്കെടുത്തു. അച്ചടക്കം, നേതൃത്വപാടവം, സേവന മനോഭാവം, സാമൂഹിക ഉത്തരവാദിത്തം എന്നിവ വളർത്തിയെടുക്കുന്നതിനൊപ്പം സമൂഹത്തിലെ അവശത അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാനും സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കഴിഞ്ഞു.
വിദ്യാഭ്യാസം പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും സഹജീവികളെ മനസ്സിലാക്കുകയും അവർക്കായി പ്രവർത്തിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ സാമൂഹിക വിദ്യാഭ്യാസമെന്നും തെളിയിക്കുന്ന നിരവധി മാതൃകാപരമായ പ്രവർത്തനങ്ങളാണ് വിതുര സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നടത്തിവരുന്നത്.
കേഡറ്റുകളുടെ പ്രവർത്തനങ്ങളെ വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അഭിനന്ദിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനുകുമാർ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഭക്ഷ്യക്കിറ്റുകളും പഠനോപകരണങ്ങളും സ്കൂളിനുവേണ്ടി ഹെഡ്മിസ്ട്രസ് ഷീജ വി. എസ്., പി.ടി.എ. പ്രസിഡന്റ് അശോകൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ പ്രിയ ഐ. വി. നായർ, അൻവർ കെ, പോലീസ് ഉദ്യോഗസ്ഥരായ ശശികുമാർ, അനീസ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഓണം അവധിക്കാലത്തെ സന്തോഷം സ്വന്തം വീടുകളിൽ മാത്രം ഒതുക്കാതെ, അത് സഹപാഠികളിലേക്കും സമൂഹത്തിലേക്കും പകർന്ന് നൽകിയ വിതുരയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പ്രവർത്തനം കുട്ടികളിൽ വളർത്തേണ്ട സാമൂഹിക പ്രതിബദ്ധതയുടെയും മനുഷ്യസ്നേഹത്തിന്റെയും ഉജ്ജ്വല മാതൃകയായി മാറുകയാണ്.


