
ചിറയിൻകീഴ്: അമിത വേഗത്തിൽ വളവ് തിരിയുന്നതിനിടെ സ്വകാര്യ ബസിന്റെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ചുവീണ് വൃദ്ധ മരിച്ചു. ചെറുമകൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചിറയിൻകീഴ് ഇരട്ടക്കലുങ്കിന് സമീപം അർച്ചന നിവാസിൽ ലളിത (65) ആണ് മരിച്ചത്.ലളിതയ്ക്കൊപ്പം ഉണ്ടായിരുന്ന ചെറുമകൻ ദേവഅരുൺ (4) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലളിതയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൈയ്ക്കും കാലിനും പരിക്കേറ്റ ദേവഅരുൺ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്.
രാവിലെ 10 മണിയോടെ ചിറയിൻകീഴ് പുളിമൂട് ജംഗ്ഷന് സമീപം കാവുവിള ഭാഗത്താണ് അപകടം. ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ നിന്ന് ആറ്റിങ്ങലിലേക്ക് വരികയായിരുന്ന സംഗീത ബസിലാണ് അപകടം നടന്നത്. ബസിൽ തിരക്കായിരുന്നതിനാൽ കുട്ടിയെയും എടുത്ത് ലളിത മുൻവാതിലിന് സമീപം നിൽക്കുകയായിരുന്നു.
കാവുവിളയ്ക്ക് സമീപം ബസ് വളവ് തിരിയുന്നതിനിടെ കുട്ടിയെ എടുത്തിരുന്ന ലളിതയുടെ കാൽ തെറ്റി ഡോറിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതോടെ ഡോർ തുറന്ന് ലളിതയും കുട്ടിയും റോഡിലേക്ക് തെറിച്ചുവീണു. ഡോറിന്റെ ലോക്ക് ഇളകിയതാണ് ഡോർ തുറക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബസിലുണ്ടായിരുന്ന യാത്രക്കാരുടെ നിലവിളി കേട്ടാണ് ഡ്രൈവർ വിവരം അറിഞ്ഞത്. തുടർന്ന് ബസ് കുറച്ചുദൂരം പിന്നിട്ട് നിർത്തുകയായിരുന്നു. ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


