
വിതുര: ആനപ്പാറ മേഖലയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമായി. രണ്ട് ദിവസമായി പ്രദേശത്ത് തമ്പടിച്ച കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചു.
വാളയങ്കി റാണിഭവനിൽ സരിതയുടെ ഒരേക്കർ കൃഷിയിടത്തിലെ വാഴ, തെങ്ങ്, കമുക് തുടങ്ങിയ വിളകൾ നശിപ്പിച്ചതോടെ കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.
മണിക്കൂറുകൾക്ക് ശേഷമാണ് വനപാലകർ എത്തി ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തിയത്. വനംവകുപ്പിന്റെ വൈദ്യുതി വേലി പ്രവർത്തനരഹിതമായതാണ് ആനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി.
ആനക്കിടങ്ങുകളും വൈദ്യുതവേലിയും സ്ഥാപിച്ച് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ അറിയിച്ചു.


