
ആറ്റിങ്ങൽ ഗവ ഹോമിയോ ആശുപത്രിയിൽ നാല് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ കർശന നടപടി. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അശ്വതി ധർ, നഴ്സിങ് അസിസ്റ്റൻറ് ബി. ലിസ്സി എന്നിവരെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം.പി. ബീനയാണ് ഉത്തരവിട്ടത്.
മുഖത്തുണ്ടായ കുരുക്കളുടെ പാടുകൾ മാറ്റുന്നതിനായി ചികിത്സ തേടിയെത്തിയ നാല് വയസുകാരിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. കല്ലമ്പലം കടുവയിൽ പള്ളിക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന തൃശൂർ സ്വദേശികളുടെ മകൾക്കാണ് ദുരനുഭവം ഉണ്ടായത്..
മാർച്ച് മാസത്തിൽ കാലാവധി അവസാനിച്ച മരുന്നാണ് കുട്ടിക്ക് നൽകിയത്. ഈ പഴകിയ മരുന്ന് മുഖത്ത് പുരട്ടിയതോടെ കുട്ടിക്ക് കടുത്ത ചൊറിച്ചിലും പൊള്ളലേറ്റതുപോലെ പൊട്ടിയൊലിക്കുന്ന അവസ്ഥയും ഉണ്ടാവുകയായിരുന്നു.
സംഭവത്തെ തുടർന്ന് കുടുംബം ആരോഗ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിൽ നേരിട്ടെത്തി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.


